Saturday 04 April 2020




സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ 45 ലക്ഷത്തിന്റെ കുഴല്‍പ്പണവേട്ട; കര്‍ണാടക സ്വദേശി പിടിയില്‍

By online desk .21 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: തമ്പാനൂരിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍കുഴല്‍പ്പണ വേട്ട്. സംഭവത്തില്‍ കര്‍ണാടക ബാംഗ്ലൂര്‍ അനന്തപുര യെലഹംഗ സ്വദേശി ഗംഗാരാജുവിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കന്യാകുമാരി -ബാംഗ്ലൂര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തു നിന്നും കര്‍ണാടകത്തിലേക്ക് കടത്താന്‍ ശ്രമിച്ച 45 ലക്ഷം രുപയുടെ കുഴല്‍പണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. മുഷിഞ്ഞ ബാഗില്‍ പണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി നഗരത്തിലെ പല ലോഡ്ജുകളിലായി മാറി താമസിച്ച് വരികയായിരുന്നു ഗംഗാരാജുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ 10 മണിക്ക് എസ്. എസ്. കോവില്‍ റോഡിലുള്ള ലോഡ്ജിന് മുന്നില്‍ വച്ച് ഇയാളെ വെള്ള നിറമുള്ള ഇന്നോവ കാറില്‍ കയറ്റി കണ്ണുകെട്ടി തിരുവനന്തപുരത്തുള്ള ഏതോ ഒരു വീട്ടില്‍ കൊണ്ടുപോയെന്നും അവിടെ വച്ച് പണമടങ്ങിയ ബാഗ് കൈമാറിയെന്നുമാണ് ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴി . ബാംഗ്ലൂരില്‍ ഇന്നു നടക്കുന്ന ഏതോ റിയല്‍ എസ്റ്റേറ്റ് ഇടപാടിലേക്ക് പണമെത്തിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് ലഭിക്കുന്ന സൂചന. പണം ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നതിന് എസി കോച്ചില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റും 6000/ രൂപയുമാണ് പ്രതിഫലം. പ്രതിയെ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. പണം എന്‍ഫോഴ്‌സ്‌മെന്റ് വഴി കണ്ടുകെട്ടും. തിരുവനന്തപുരം റെയില്‍വേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പുഷ്‌കരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ശ്രീജിത്ത്, ജെറോം, സജു, വിവേക്, സലില്‍ദാസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.