Saturday 26 September 2020




വിദേശത്ത് കടക്കാൻ വിസ ഒപ്പിക്കാൻ വിവാഹം; അഞ്ച് വർഷത്തിനിടെ പ്രവാസികൾ ഉപേക്ഷിച്ച ഭാര്യമാരുടെ എണ്ണം 6000

By online desk .21 Nov, 2019

imran-azhar

 

 

ന്യൂ ഡൽഹി: 2015 ജനുവരി മുതൽ2019 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് പ്രവാസികൾ ഉപേക്ഷിച്ച ഭാര്യമാരുടെ എണ്ണം 6000 കടന്നു. 2019ൽ പത്ത് മാസത്തിനിടെ 991 യുവതികളാണ് ഉപേക്ഷിക്കപ്പെട്ടത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് ഇക്കാര്യം പാർലമെന്റിൽ വെളിപ്പെടുത്തിയത്. പലരും വിദേശത്ത് കടന്നുകൂടാനുള്ള മാർഗമായി വിവാഹം ചെയ്യുന്നു, തുടർന്ന് വിവാഹമോചനം നേടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത്തരത്തിൽ 2015ൽ 796 പരാതികളാണ് ലഭിച്ചത്. 2016ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയും പരാതികൾ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. പ്രവാസി ഭർത്താക്കന്മാർ ഭാര്യമാരെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് ഓടിപ്പോയ 45 പ്രവാസികളുടെ പാസ്പോർട്ടുകൾ സർക്കാർ റദ്ദാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരിയിൽ 'പ്രവാസി ഇന്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ 2019' രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇത്തരത്തിൽ ഭർത്താക്കന്മാർ ഉപേക്ഷിക്കുന്ന സ്ത്രീകൾക്ക് കൗൺസലിങ്, മാർഗനിർദേശങ്ങൾ, നിയമനടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം സർക്കാർ ലഭ്യമാക്കുന്നുണ്ട്. ഭർത്താക്കന്മാരുടെ പാസ്പോർട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യുക തുടങ്ങിയ നടപടികളാണ് നിലവിൽ ഇത്തരം കേസുകളിൽ സ്വീകരിക്കുക.