Friday 25 September 2020




സ്വാതന്ത്ര്യദിനാഘോഷത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല: 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയര്‍ത്തും

By Web Desk.14 Aug, 2020

imran-azhar

 

 

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. പരിപാടികളുടെ ഭാഗമായി നാളെ രാവിലെ ഒമ്പതിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത്തവണ പ്രവേശനമില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം പരമാവധി നൂറു പേരെ ഉള്‍പെടുത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഡോക്ടറും നഴ്സും ഉള്‍പ്പെടെ 12 ആരോഗ്യ പ്രവര്‍ത്തകരെ സ്റ്റേഡിയത്തില്‍ നിയോഗിക്കും.

 

കൂടാതെ രണ്ട് ആംബുലന്‍സുകളുടെ സേവനവും ഉറപ്പുവരുത്തും. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ തെര്‍മല്‍ സ്‌കാനിംഗിനു വിധേയമാക്കും. പരിപാടികളുടെ ഭാഗമായി വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവിഭാഗങ്ങളുടെയും എന്‍.സി.സി തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം പൊലീസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങള്‍ ഉണ്ടായിരിക്കും.