Tuesday 20 August 2019
ഇന്ത്യന്‍ സമൂഹം 4 കുടിയേറ്റങ്ങളിലൂടെ രൂപപ്പെട്ടത്

By Online Desk .02 Jan, 2019

imran-azhar

 

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമേ ഉണ്ടായിരുന്നത് ദ്രാവിഡരും പിന്നീട് ആര്യന്മാർ വന്ന് ചേര്‍ന്നുവെന്നുമാണ് ചരിത്ര പുസ്തകങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ നാല് കുടിയേറ്റങ്ങളുടെ ഫലമായുണ്ടായതാണെന്നാണ് എറ്റവും പുതിയ പുസ്തകം പറയുന്നത്.


ഏര്‍ളി ഇന്ത്യന്‍സ്


ദ സ്റ്റോറി ഓഫ് അവര്‍ ആന്‍സസ്റ്റേഴ്‌സ് ആന്‍ഡ് വെയര്‍ വി കേം ഫ്രം? എന്ന പുസ്തകത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ സമൂഹം രൂപപ്പെട്ട വഴിയാണ് പറയുന്നത്. പത്രപ്രവര്‍ത്തകനായ ടോണി ജോസഫാണ് പുസ്തകത്തിന്റെ രചയിതാവ്. കൃഷി ആരംഭിച്ചതും പുരാതന കാലത്തെ ലോകത്തെ എറ്റവും വലിയ സംസ്‌കാരം രൂപപ്പെട്ടതും അതിന്റെ തളര്‍ച്ചയും ഒക്കെ ഇതില്‍ ചൂണ്ടിക്കാട്ടുന്നു. പുരാതന ഡി എന്‍ എ ഉപയോഗിച്ചുള്ള ജനിതക പഠനം, പുരാവസ്തു, ഭാഷാ ശാസൃതം എന്നിവ അടിസ്ഥാനമാക്കിയാണ് പുസ്തകം രചിച്ചിട്ടുള്ളത്. മദ്ധ്യ എഷ്യയില്‍ നിന്നുള്ള ആര്യ•ാരുടെ കുടിയേറ്റം ഇന്ത്യയില്‍ മാത്രമല്ല എഷ്യയിലെ പല മേഖലകളിലും യൂറോപ്പിലുമുണ്ടായിട്ടുണ്ടെന്ന് ടോണിജോസഫ് പുസ്തകത്തില്‍ വരച്ചിടുന്നു.


ആധുനിക മനുഷ്യന്റെ ആദ്യവംശം ഇന്ത്യയില്‍ എത്തിയത് 65000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആഫ്രിക്കയ്ക്ക് പുറത്തേക്കുള്ള ഈ കുടിയേറ്റം ലോകം മൊത്തമായി വ്യാപിക്കുകയുണ്ടായി.ഇങ്ങനെ കുടിയേറിയവരെ ആദ്യ ഇന്ത്യാക്കാരെന്നാണ് പുസ്തകം പറയുന്നത്. ഇവരാണ് നിലവില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ 50-65 ശതമാനം. രണ്ടാമത്തെ പ്രമുഖ കുടിയേറ്റം 9000 മുതല്‍ 5000 വര്‍ഷം വരെ പഴക്കമുള്ളതാണ്. ഇറാനിലെ സാഗ്രോസ് പ്രദേശത്ത് നിന്നുള്ള കര്‍ഷകരാണ് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലേക്ക് കടന്നെത്തിയത്. ഇവര്‍ നേരത്തേ കുടിയേറിയവരുമായി കലരുകയും കാര്‍ഷികവൃത്തി ആരംഭിക്കുകയും ചെയ്തു.ഇതോടെയാണ് ബാര്‍ലി, ഗോതമ്പ് എന്നിവയുടെ കൃഷി വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപിച്ചത്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം ഇവരിലൂടെയാണ്. സാഗ്രോസിലെ കര്‍ഷകരും ഇന്ത്യയിലെ ആദ്യ കുടിയേറ്റക്കാരും തമ്മിലുള്ള ലയനത്തിലൂടെയാണ് ഈ സംസ്‌കാരം രൂപപ്പെട്ടതെന്നാണ് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

 

മൂന്നാമത് കുടിയേറ്റം തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും ക്രിസ്തുവിന് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ചൈനയില്‍ നിന്ന് തെക്ക് കിഴക്കന്‍ എഷ്യയിലേക്കും ഇന്ത്യയിലേക്കും ഇവര്‍ കുടിയേറുകയായിരുന്നു.രാജ്യത്തിന്റെ കിഴക്ക്, മദ്ധ്യ പ്രദേശങ്ങളില്‍ സംസാരിക്കുന്ന മുണ്ടാരി, ഖാസി ഭാഷ ഇക്കൂട്ടര്‍ വഴി എത്തിയതാണ്. അവസാനത്തെ പ്രധാന കുടിയേറ്റം ക്രിസ്തുവിന് 2000-1000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മദ്ധ്യേഷ്യയില്‍ നിന്നുള്ള ആര്യന്മാരാണ് ഇവര്‍.

 

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ അസ്ഥികൂടത്തിലെ ഡി എന്‍ എ പരിശോധിച്ചാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ ഇന്ത്യയിലെ ജനങ്ങളില്‍ മറ്റ് ചില ചെറുകുടിയേറ്റങ്ങളുടെയും മിശ്രണം കാണുന്നുണ്ടെങ്കിലും ഇതിന് വലിയ പ്രാധാന്യം ജനിതകമായി ഇല്ല. വിവിധ കാലയളവുകളില്‍ ഒരു പ്രദേശത്തെ വ്യത്യസ്ത അസ്ഥികൂടങ്ങള്‍ പരിശോധിച്ചും പുറമെ ഒരേ കാലയളവില്‍ വിവിധ പ്രദേശങ്ങളിലെ അസ്ഥികൂടങ്ങള്‍ പരിശോധിച്ചുമാണ് ജനസമൂഹങ്ങളുടെ കുടിയേറ്റ വിവരങ്ങള്‍ കണ്ടെത്തിയത്.

 

പിസയെന്ന പലഹാരത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ഘടന പുസ്തകം വിശദീകരിക്കുന്നത്. ആദിമ ഇന്ത്യാക്കാര്‍ പിസയുടെ അടിസ്ഥാന ഭാഗമായിരിക്കും. കാരണം ഇവരുറ്റെ വംശാവശിഷ്ടം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലുമുണ്ട്. ജീവിക്കുന്ന പ്രദേശമോ ജാതിയോ ഭാഷയോ പരിഗണിക്കാതെ എല്ലാവരിലുമുണ്ട് ആദിമ വംശത്തിന്റെ ബന്ധം. പിസയുടെ കീഴ്ഭാഗത്തിന് മുകളില്‍ പുരട്ടുന്ന മസാലച്ചാറിനോടാണ് ഹാരപ്പന്‍ സംസ്‌കാരത്തെ ഉപമിക്കുന്നത്. ക്രിസ്തുവിന് മുമ്പ് 1900 ത്തോടെ ഈ സംസ്‌കാരത്തിന്റെ പ്രതാപ കാലം കഴിയവെ ഇവര്‍ ഫലഫൂയിഷ്ഠമായ ഭൂമി അന്വേഷിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറി. മറ്റ് കുടിയേറ്റങ്ങളെ പിസയുടെ മുകള്‍ ഭാഗത്തുള്ള ചീസ്, തക്കാളി കാപ്‌സിക്കം എനിവയോട് ഉപമിച്ചിരിക്കുന്നു. ഇവ ഒരേ തോതിലല്ല പലഹാരത്തില്‍ അടങ്ങിയിരിക്കുന്നത്. ചിലത് കൂടുതല്‍ തോതിലും ചിലത് കുറഞ്ഞ തോതിലുമായിരിക്കും.

 

ആര്യന്മാരുടെ വരവോടെയല്ല ജാതി സമ്പ്രദായം ഉണ്ടായതെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. ഇത് ഈ കുടിയേറ്റങ്ങള്‍ക്കൊക്കെ എത്രയാ അധികം വര്‍ഷം പിന്നീട് സംഭവിച്ചതാണ്. ക്രിസ്തുവിന് ശേഷം 100 എ ഡിയോടെയായിരിക്കും ജാതി സമ്പ്രദായം രൂപപ്പെട്ടിരിക്കുകയെന്ന് പുസ്തകം പറയുന്നു.