By sisira.07 Apr, 2021
കൊച്ചി: ദിവസേന കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ ഇന്ത്യയിൽ ഇന്ധന വില്പന കുറയുമെന്ന് ആശങ്ക. ഇതേത്തുടർന്ന്, സൗദി അറേബ്യയിൽനിന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ അടുത്ത മാസം വാങ്ങുന്ന അസംസ്കൃത എണ്ണയുടെ തോത് മൂന്നിൽ രണ്ടായി കുറയും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.) ഉൾപ്പെടെയുള്ള നാല് എണ്ണക്കമ്പനികൾ സാധാരണ ഉള്ളതിനെക്കാൾ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുകയുള്ളു.
മേയ് മാസത്തിൽ സാധാരണ 1.5 കോടി വീപ്പ അസംസ്കൃത എണ്ണയാണ് ശരാശരി വാങ്ങുന്നത്. എന്നാൽ, ഇത് ഒരു കോടി വീപ്പയായി ചുരുങ്ങാനാണ് സാധ്യത.
ക്രൂഡ് വിലവർധന നിയന്ത്രിക്കാൻ ഉത്പാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് സൗദി അറേബ്യ വില കൽപ്പിച്ചില്ല. ഇതുകൂടി കണക്കിലെടുത്താണ് ഇന്ത്യ ഇറക്കുമതി കുറയ്ക്കുന്നത്.
സൗദിയുമായുള്ള ദീർഘകാല കരാറിനു നിൽക്കാതെ, മറ്റു വിപണികളിലെ തയ്യാർ വിപണിയിൽനിന്ന് അപ്പപ്പോഴുള്ള വിലയ്ക്ക് എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ ആലോചന.