Tuesday 02 June 2020




നിർഭയ കേസിൽ ഒടുവിൽ നീതിയുടെ കുരുക്ക് വീണു; ബലാത്സംഗ കേസിൽ ഇന്ത്യയിൽ ശിക്ഷാനിരക്ക് കുറവെന്ന് വിദഗ്ധർ

By online desk .20 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ പ്രതികൾ അവസാനം കഴുമരത്തിലേറി. 2012 ഡിസംബർ 16നാണ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഓടുന്ന ബസിൽ ക്രൂര ബലാത്സംഘത്തിന് ഇരയായത്. പോലീസ് പ്രതികളെ ഉടൻ തന്നെ പിടികൂടിയെങ്കിലും നീണ്ട ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിർഭയ കേസിൽ നീതി നടപ്പാക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ താരതമ്യം ചെയ്യുമ്പോൾ ബലാത്സംഗ കേസുകളിൽ ഇന്ത്യയിൽ ശിക്ഷാനിരക്ക് വളരെ കുറവാണെന്ന് വിദഗ്ധർ പറയുന്നു. തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന അമിതാത്മവിശ്വാസം ആളുകളെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു. രാജ്യത്ത് ബലാത്സംഗക്കേസുകളിൽ ആകെ ശിക്ഷിക്കപ്പെടുന്നത് 27.2 ശതമാനത്തിൽ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ നൽകുന്ന വിവരമനുസരിച്ച് 2018ൽ 1,56,327 ബലാത്സംഗക്കേസുകളാണ് ഇന്ത്യൻ കോടതികളിൽ ഫയൽ ചെയ്തിട്ടുള്ളത്. 17,313 കേസുകളിൽ വിചാരണ പൂർത്തിയായി. എന്നാൽ ശിക്ഷ നടപ്പാക്കിയത് 4708 കേസുകളിൽ മാത്രമാണ്. നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകണമെങ്കിൽ നിശ്ചിത കാലയളവിനുള്ളിൽ ശിക്ഷ നടപ്പാക്കാനാകുന്ന വിധം ഇന്ത്യൻ നിയമവ്യവസ്ഥയിൽ മാറ്റം വരേണ്ടത് അനിവാര്യമാണെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ലളിത കുമാരമംഗലം പറയുന്നു.

 

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകൾ വേഗത്തിൽ പരിഗണിക്കാൻ 1023 ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത്തരം സംവിധാനങ്ങളിലൂടെ നീതി വേഗം നടപ്പാക്കാനാകില്ലെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി 378 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഉത്തർ പ്രദേശിൽ 54 പേരും, മഹാരാഷ്ട്രയിൽ 45 പേരും, മധ്യപ്രദേശിൽ 34 പേരും വധശിക്ഷ കാത്തുകിടക്കുന്നു. തമിഴ്നാട്ടിൽ 13 പേരും കർണാടകയിൽ 27 പേരും കേരളത്തിൽ 16 പേരും വധശിക്ഷ കാത്ത് വിവിധ ജയിലുകളിലായി കഴിയുന്നു.