Thursday 14 November 2019




ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് ഏവർക്കും നല്ലത്; കശ്മീർ വിഷയത്തിൽ ചൈനക്ക് ഇന്ത്യയുടെ താക്കീത്

By Online desk .10 Oct, 2019

imran-azhar

 

 

ന്യൂഡല്‍ഹി: ഓരോ രാജ്യങ്ങളുടെയും ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടാതിരിക്കുന്നതാണ് ഏവര്‍ക്കും നല്ലതെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായുള്ള അനൗപചാരിക ഉച്ചകോടി ഇന്ന് നടക്കാനിരിക്കെയാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. കശ്മീര്‍ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎന്‍ രക്ഷാസമിതിയിലുള്‍പ്പെടെ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണു കശ്മീര്‍ പ്രശ്‌നമെന്ന് കഴിഞ്ഞ ദിവസം ചൈന അഭിപ്രായപ്പെടുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ്‌കുമാറിന്റെ വിശദീകരണം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നതാണ് നമ്മുടെ എക്കാലത്തെയും സുവ്യക്തമായ നിലപാട്. ഷി ചിന്‍പിങ്ങും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇരുവരും ചര്‍ച്ച നടത്തിയതായും അറിഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ പരാമര്‍ശങ്ങള്‍ നടത്തേണ്ടതില്ല. അതാണ് ഏവര്‍ക്കും നല്ലത് എന്നായിരുന്നു രവീഷ്‌കുമാറിന്റെ വാക്കുകള്‍. ഇന്നും നാളെയും ചെന്നൈയിലെ മഹാബലിപുരത്താണു മോദി ഷിചിന്‍പിങ് രണ്ടാം അനൗപചാരിക ഉച്ചകോടി നടക്കുന്നത്.