Thursday 14 November 2019




വഴിവിട്ട രീതിയില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമം ഇന്‍ഫോസിസിന് 53,451 കോടിയുടെ നഷ്ടം

By Online Desk.23 Oct, 2019

imran-azhar

 

 

മുംബൈ: നിക്ഷേപകരെ കബളിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഇന്‍ഫോസിസിനെതിരെ ആരോപണം. ഇതുമൂലം കമ്പനിക്ക് നഷ്ടപ്പെട്ടത് 53,451 കോടി രൂപ. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് ഇന്നലെ നേരിട്ടത്. മൊത്തം മൂല്യത്തില്‍ 17% ഇടിവാണ് നേരിട്ടത്. കമ്പനിയുടെ മാര്‍ക്കറ്റ് മൂല്യം നിലവില്‍ 2,76,300.08 കോടിയാണ്. നേരത്തെ ഇത് 3,27 ലക്ഷം കോടിയായിരുന്നു.

 

ബി.എസ്.ഇ സെന്‍സെക്സില്‍ 16.86% ഇടിവാണ് ഇന്‍ഫോസിസ് ഓഹരിക്ക് ഉണ്ടായത്. ഓഹരിമൂല്യത്തില്‍ 638.30 രൂപയുടെ നഷ്ടമുണ്ടായി. 2013 ഏപ്രിലിനു ശേഷം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. എന്‍.എസ്.ഇ നിഫ്റ്റിയില്‍ 16.65% ഇടിവോടെ 640 രൂപയുടെ നഷ്ടമുണ്ടായി. സെന്‍സെക്സിലു നിഫ്റ്റിയിലും ഇതാദ്യമായാണ് ഒരു മുന്‍നിര കമ്പനി ഇത്രയും വലിയ നഷ്ടം നേരിടുന്നത്. ബി.എസ്.ഇയില്‍ ഇന്‍ഫോസിസിന്റെ 117.70 ലക്ഷം ഓഹരികളും എന്‍.എസ്.ഇയില്‍ ഒമ്പത് കോടി ഓഹരികളുമാണുള്ളത്.


'എത്തിക്കല്‍ എംപ്ലോയിസ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന അഴിമതി വിരുദ്ധ വിഭാഗമാണ് കമ്പനിയിലെ ദുര്‍നടത്തിപ്പ് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. സി.ഇ.ഒ സലില്‍ പരേഷും സി.എഫ്.ഒ നിലാഞ്ജന്‍ റോയിയും കമ്പനിയുടെ ഹൃസ്വകാല വരുമാനവും ലാഭവും പെരുപ്പിച്ച് കാണിക്കാന്‍ 'അസാന്മാർഗിക വ്യവഹാരങ്ങളില്‍' ഏര്‍പ്പെട്ടുവെന്നാണ് അഴിമതിവിരുദ്ധ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പരാതി കമ്പനിയുടെ ഓഡിറ്റ് കമ്മിറ്റിക്ക് കൈമാറിയതായി ഇന്‍ഫോസിസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ അഴിമതി വിരുദ്ധ നയമനുസരിച്ച് പരാതി കൈകാര്യം ചെയ്യും. സ്വതന്ത്ര്യ ഓഡിറ്റര്‍മാരായ 'ഇവൈ'യുമായും കമ്പനി മറ്റ് സ്വതന്ത്ര ഓഡിറ്റിംഗ് സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തിവരികയാണെന്നും ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിലുടെ അറിയിച്ചു.