By Aswany Bhumi.02 Mar, 2021
പാരിസ്: മുൻ ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ജഡ്ജിയെ പണം നല്‍കിയും അധികാരം ഉപയോഗിച്ചും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷ.
മൂന്നു വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതില്‍ രണ്ട് വര്‍ഷം സസ്പെന്‍ഡഡ് കാലാവധിയാണ്. അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വരില്ലെന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.
ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ഈ കാലയളവില്‍ നടത്തിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വരില്ല. ആ ശിക്ഷ റദ്ദാക്കുകയും ചെയ്യും. ജയില്‍ ശിക്ഷയ്ക്ക് പകരമായി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള കാര്യമാണിത്.
അതേസമയം ചില സാമൂഹ്യ സേവനങ്ങള്‍ ഇക്കാലയളവില്‍ സര്‍ക്കോസി ചെയ്യേണ്ടി വരും. അത് സസ്പെന്‍ഡഡ് ശിക്ഷാകാലാവധിയുടെ സമയത്തെ ചട്ടമാണ്.
സര്‍ക്കോസി അധികാരത്തിലിരുന്ന സമയത്താണ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. അതേസമയം പത്ത് ദിവസത്തിനുള്ളില്‍ വിധിക്കെതിരെ സര്‍ക്കോസിക്ക് അപ്പീല്‍ പോകാം. വിധി വരുന്നത് വരെ അദ്ദേഹം സ്വതന്ത്രനായിരിക്കും.
അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴും കണ്‍സര്‍വേറ്റീവുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്ന നേതാവാണ് സര്‍ക്കോസ്.
അതേസമയം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള സര്‍ക്കോസിയുടെ എല്ലാ ശ്രമങ്ങൾക്കും ഈ നീക്കം തിരിച്ചടിയാവും.