Wednesday 08 April 2020




ജേജി പതിനൊന്നുവര്‍ഷം മുമ്പ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടു

By online desk .26 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: കൊട്ടാരക്കര സ്വദേശിയാണ് ജേജിയുടെ പിതാവ് ജോണ്‍. തിരുവനന്തപുരത്ത് വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം താമസമാക്കിയിട്ട്. നാട്ടില്‍ ഇടയ്ക്കിടെ പോകാറുണ്ടെങ്കിലും തിരുവനന്തപുരത്ത് അങ്ങനെ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല. അങ്ങനെ നാട്ടിലേക്കുള്ള പതിവ് യാത്രകഴിഞ്ഞ് മടങ്ങിവരവെ 1998ലാണ് ആ ദുരന്തം വന്നെത്തിയത്. മംഗലപുരം പൊലീസ് സ്റ്റേഷനു സമീപം എത്തിയപ്പോഴായിരുന്നു വലിയൊരപകടം ഉണ്ടായത്. രാത്രി പത്തരയോടെയാണ് അവര്‍ മംഗലപുരത്തെത്തിയത്. അവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. കണ്ടവരെല്ലാം പറഞ്ഞു കാറിലുള്ളവരെല്ലാം മരിച്ചെന്ന്. കാരണം അത്തരത്തിലായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. അതിനകത്തുണ്ടായിരുന്നവരെല്ലാം രക്തത്തില്‍ കുളിച്ചുകിടക്കുന്നു. പൊലീസെത്തി അതിലുണ്ടായിരുന്ന എല്ലാവരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിതാവ് ജോണിനെയും സഹോദരനെയും രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ അമ്മ ജെസ്സി ജോണിനെയും ജേജിയെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജേജിക്ക് പിറ്റേന്നുതന്നെ ഓര്‍മ വീണ്ടുകിട്ടി. എന്നാല്‍ അമ്മ ജെസ്സിക്ക് മനോനില തെറ്റിയ നിലയിലാണ് ജീവന്‍ തിരിച്ചുകിട്ടിയത്. വലിയൊരു അപകടത്തില്‍ പിതാവും സഹോദരനും നഷ്ടപ്പെട്ട ജേജി അന്നുമുതലേ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചത്. അമ്മയുടെ പരിചരണം ജേജിക്കായിരുന്നു. അങ്ങനെ ബന്ധുക്കളുമായി കൂടുതല്‍ അകന്നു. കൊട്ടാരക്കരയിലെ തറവാട്ടിലേക്ക് അധികമൊന്നും പാകാതെയായി. വല്ലപ്പോഴും എന്തെങ്കിലും വിശേഷമുണ്ടായാല്‍ മാത്രമേ പോകാറുണ്ടായിരുന്നുള്ളു. തിരുവനന്തപുരത്ത് വര്‍ഷങ്ങളായി താമസിക്കുന്നുണ്ടെങ്കിലും സമീപവാസികളുമായും അത്ര അടുപ്പമുണ്ടായിരുന്നില്ല. വിവാഹം കഴിച്ചെങ്കിലും ഏഴുവര്‍ഷം മുമ്പ് ആ ബന്ധം വേര്‍പെടുത്തി. ഇതോടെ മോഡലിങ്ങും ടിവി പരിപാടികളും അവതാരകയായും മാത്രം ജേജി ഒതുങ്ങിക്കൂടി.