Wednesday 08 April 2020




ജാഗി ജോണിന്റെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ

By online desk .29 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അവതാരകയും മോഡലുമായ ജാഗി ജോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. ഇതോടെ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാകുമെന്ന് പേരൂര്‍ക്കട പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ദുരൂഹത ഉയരുകയാണ്. ജാഗിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇവരുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്ന ഒരു നമ്പര്‍ ആരുടേതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ ജാഗിയുടെ ഭര്‍ത്താവെന്നാണ് അവരുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇവര്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല.

 

കഴിഞ്ഞ 23 ന് വൈകിട്ടാണ് ജാഗിയെ കുറവന്‍കോണത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. വൃദ്ധയായ മാതാവിനൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. ഇവര്‍ പരസ്പരവിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്. വാഹനാപകടത്തില്‍ ഭര്‍ത്താവും മകനും മരിച്ചശേഷം ഇവര്‍ ഇങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നെങ്കിലും മരണകാരണം സംബന്ധിച്ച് അമ്മയില്‍ നിന്നു വിവരം ശേഖരിക്കാന്‍ കഴിയുന്ന അവസ്ഥയല്ല. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. വീഴ്ചയുടെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. പരിക്കേല്‍ക്കുന്ന വിധത്തില്‍ തെറിച്ചുവീഴാനുള്ള സാദ്ധ്യതയാണ് പൊലീസ് തേടുന്നത്. വീടിന്റെ മുകള്‍നിലയില്‍ നിന്നു പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.

 

അതിനിടെ, അവതാരകനായ സന്തോഷ് പാലി ജാഗിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് വൈറലായി. പല തവണ തങ്ങള്‍ കലഹിച്ചിട്ടുണ്ടെന്നും, സെറ്റില്‍ അവര്‍ കലഹിക്കാത്ത ആരെങ്കിലുമുണ്ടോ എന്ന് സംശയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അന്ന് അവരുടെ അല്പവസ്ത്രങ്ങളുടെ പേരിലുള്ള അസ്വസ്ഥതകള്‍ പലരും പ്രകടമാക്കിയിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ ജാഗി നിവര്‍ന്നു നിന്നു. തുളച്ചു പറിയ്ക്കുന്ന ചില തുറിച്ചു നോട്ടങ്ങളെ നല്ല മുട്ടന്‍ ഓസ്‌ഫോര്‍ഡ് തെറി പറഞ്ഞു മടക്കി അയച്ചു. ആ വിമര്‍ശകര്‍ ജാഗിയെ കാണാനായി തന്നെ ഇരിക്കുന്നവരാണെന്നു അവര്‍ വിശ്വസിച്ചു എന്നും അദ്ദേഹം കുറിപ്പില്‍ എഴുതി.