Saturday 11 July 2020




ഗായികയും അവതാരകയുമായ ജേജി ജോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

By Sooraj Surendran .23 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജേജി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. അയല്‍വാസികള്‍ അറയിച്ചതിനെത്തുടര്‍ന്ന് പോലീസും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ. അയല്‍വാസികളുമായി ഇവര്‍ കാര്യമായ അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നാണ് പൊലിസ് ഭാഷ്യം.

 

സംഭവ സമയം വീടിനുള്ളില്‍ ജേജിയുടെ അമ്മ ഗ്രേസി മാത്രമാണ് ഉണ്ടായിരുന്നത്. 1998ല്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ജേജിയുടെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അന്നു നടന്ന അപകടത്തില്‍ ജേജിയുടെ പിതാവും സഹോദരനും മരണപ്പെട്ടിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ജേജി വിവാഹിതയാകുന്നത്. പ്രണയ വിവാഹമായിരുന്നു. ടിക്കു എന്നയാളെയാണ് ജേജി വിവാഹം ചെയ്തത്. ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ ജേജിക്ക് കഴിഞ്ഞില്ല. ടിക്കുവില്‍ നിന്നും വിവാഹമോചനം നേടിയ ജേജി കുക്കറി പരിപാടികളിലും, സംഗീത പരിപാടികളിലും സജീവമായിരുന്നു. 'ജേജീസ് കുക്ക്ബുക്ക്' എന്ന പേരിൽ അവർ നടത്തിയ കുക്കറി ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അവതാരക രംഗത്ത് വേറിട്ട മുഖമായിരുന്നു ജേജിയുടേത്. ഫേസ്ബുക് ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും ജേജി സജീവ സാന്നിധ്യമായിരുന്നു. "2019 ൽ നിങ്ങൾ കരഞ്ഞ കണ്ണുനീർ നിങ്ങൾ 2020 നട്ടുപിടിപ്പിച്ച വിത്തുകൾക്ക് വെള്ളം നൽകട്ടെ." ജേജി അവസാനമായി കുറിച്ച വരികൾ.