Friday 24 November 2017

അണ്ണാ ഡിഎംകെയിലെ മന്നാർഗുഡി സംഘത്തെ ശക്തിപ്പെടുത്താൻ ശശികല

By BINDU PP.15 Feb, 2017

imran-azhar

 




ചെന്നൈ; ജയിലിലേക്കു പോകും മുൻപ്, അണ്ണാ ഡിഎംകെയിലെ മന്നാർഗുഡി സംഘത്തെ ശക്തിപ്പെടുത്താൻ ശശികലയുടെ ശ്രമം. ഇതിന്റെ ഭാഗമായി ജയലളിത പണ്ടു പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ അവർ തിരിച്ചെടുത്തു. ടി.ടി.വി. ദിനകരനേയും ഡോ. വെങ്കിടേഷനെയുമാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. മാത്രമല്ല, ദിനകരനെ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിക്കുകയും ചെയ്തു.

 


ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് ദിനകരൻ. മന്നാർഗുഡി സംഘത്തിലെ പ്രധാനിയാണ് ഇയാൾ. തേനി കേന്ദ്രീകരിച്ച് തെക്കൻ തമിഴ്നാട് ഭരിക്കുന്നതും ഇവരാണ്. ശശികലയുടെ ഭർത്താവ് നടരാജന്‍ ഉൾപ്പെടെ ജയലളിതയുടെ അനിഷ്ടത്തിന് പാത്രമായി പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ടവരെല്ലാം അവരുടെ മരണത്തിനുശേഷം തിരികെയെത്തി പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദിനകരന്റെ തിരിച്ചുവരവ്.

 


നേരത്തെ, ജയലളിതയ്ക്കൊപ്പം തോഴിയായ ശശികല എത്തിയതോടെയാണ് അവരുടെ ബന്ധുക്കളും ആദ്യമായി പോയസ് ഗാർഡനിലേക്കെത്തുന്നത്. എന്നാൽ പരാതികളും വിവാദങ്ങളും അതിരുവിട്ടപ്പോൾ ജയ ഇവരെയെല്ലാം പോയസ് ഗാർഡനിലെ വസതിയിൽനിന്നു പുറത്താക്കി. എന്നാൽ പിന്നീട് ജയയ്ക്കൊപ്പം ശശികല വീണ്ടുമെത്തിയതോടെ ബന്ധുക്കൾ പാർട്ടിയിൽ വീണ്ടും പിടിമുറുക്കി. ചിലർ എംപിമാരും എംഎൽഎമാരുമായി. മറ്റുള്ളവർ എസ്റ്റേറ്റ് മേഖലകളിൽ പിടിമുറുക്കി.


തുടർന്ന് 2011 ‍ഡിസംബറിൽ ശശികലയെയും കൂട്ടാളികളെയും പാർട്ടിയിൽനിന്നും പോയസ് ഗാർഡനിൽനിന്നും ജയ വീണ്ടും പുറത്താക്കി. മുഖ്യമന്ത്രി ചമഞ്ഞു പാർട്ടിക്കുള്ളിലും സർക്കാർ തലത്തിലും ഇടപെട്ടതായിരുന്നു കാരണം. പിന്നീട് ജയയ്ക്ക് ഇഷ്ടമല്ലാത്ത, തന്റെ ഭർത്താവ് നടരാജനെവരെ വേണ്ടെന്നുവച്ചുകൊണ്ട് ജയയ്ക്കരികിലേക്ക് ശശികല മടങ്ങിയെത്തി. ജയലളിതയുടെ മരണം വരെ പാർട്ടിയിലേക്കോ പോയസ് ഗാർഡനിലേക്കോ തിരികെയെത്താൻ ശശികലയുടെ ബന്ധുക്കൾക്ക് സാധിച്ചുമില്ല.

 


എന്നാൽ, ജയയുടെ മരണത്തോടെ വീണ്ടും ചിത്രം മാറി. ശശികലയുടെ ഭർത്താവ് നടരാജൻ ഉൾപ്പെടെ അവരുടെ ബന്ധുക്കൾ ഓരോരുത്തരായി പാർട്ടിയിലേക്കും പോയസ് ഗാർഡനിലേക്കും തിരിച്ചെത്തി. ഇപ്പോഴിതാ, ഓരോരുത്തരായി പാർട്ടി നേതൃനിരയിലേക്കും ശശികലയുടെ ബന്ധുക്കളെത്തുന്നു.