Saturday 08 August 2020




ജോണിന്റെ മരണം കൊലപാതകം? ഭാര്യയും മകനും നിരീക്ഷണത്തിൽ

By ബി.വി അരുൺകുമാർ .14 Jun, 2020

imran-azhar

 

 

തിരുവനന്തപുരം: ജോണിന്റെ മരണം കൊലപാതകമാണ് എന്ന് സംശയിക്കാനുളള കാരണങ്ങള്‍ നിരവധിയാണ്. ജോണ്‍ മരിച്ച ദിവസമായ മാര്‍ച്ച് ആറിന് രാത്രി 12 മണിയോടെ പൊഴിയൂരിലെ ഒരു ശവപ്പെട്ടിക്കടക്കാരനെ മകന്‍ രാജന്‍ വിളിച്ചുണര്‍ത്തി ശവപ്പെട്ടി വാങ്ങുകയായിരുന്നു. അച്ഛന്‍ മരിച്ചെന്നും ആശുപത്രിയില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും ഉടന്‍തന്നെ പെട്ടിയില്‍ വയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചെന്നുമായിരുന്നു കടക്കാരനോട് രാജന്‍ പറഞ്ഞത്. ഉടന്‍തന്നെ പെട്ടിയുമായി രാജന്‍ അവിടെനിന്നും സ്ഥലംവിട്ടു. ജോണിന്റെ പട്ടാളത്തില്‍ ജോലിചെയ്യുന്ന മകന്‍ വന്നിട്ട് സംസ്‌കാര ചടങ്ങ് നടത്തിയാല്‍ മതിയെന്ന് പറഞ്ഞെങ്കിലും അതിനും തയാറാകാതെ ധൃതിവച്ച് മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.മരണംവിവരം പിതാവ് മിഖായേല്‍ പിള്ളയെയോ സഹോദരങ്ങളെയോ അറിയിക്കാന്‍ ജോണിന്റെ ഭാര്യയും മകനും തയാറായില്ല. പിറ്റേന്ന് പള്ളിയിലെ കപ്യാര്‍ അറിയിച്ചതനുസരിച്ചാണ് ജോണിന്റെ വീട്ടുകാര്‍ മരണവിവരം അറിയുന്നത്. ഉടന്‍തന്നെ സഹോദരി ലീന്‍ മേരി ജോണിന്റെ വീട്ടിലെത്തിയെങ്കിലും അവരെ അടുപ്പിക്കാന്‍ സെല്‍വിയും മകന്‍ രാജനും തയാറായില്ല. തുടര്‍ന്ന് പൊഴിയൂരിലെ ഇടവകയ്ക്കു കീഴിലെ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. രാജന്റേത് സ്വാഭാവിക മരണമെന്നു പറഞ്ഞ് പള്ളി അധികൃതരെ തെറ്റിധരിപ്പിച്ചാണ് മൃതദേഹം അടക്കിയത്. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജോണിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മിഖേല്‍ പിള്ള പറയുന്നു.

 

മകന്റെ വിവാഹത്തെ എതിര്‍ത്തത് വിനയായി

 

രാജന്‍ അമ്മയുടെ സഹോദരന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിതാവ് ജോണ്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതോടെ രാജന് ജോണിനോട് പകയുണ്ടായിരുന്നു. അമ്മ സെല്‍വി വിവാഹത്തിന് അനുകൂലമായിരുന്നു. പലതവണ ജോണുമായി ഇക്കാര്യം സംസാരിച്ചെങ്കിലും അദ്ദേഹം സമ്മതിക്കാന്‍ തയാറായില്ല. എന്നാല്‍ താന്‍ അമ്മാവന്റെ മകളെത്തന്നെ വിവാഹം കഴിക്കുമെന്നും തടസംനിന്നാല്‍ ശരിയാക്കിക്കളയുമെന്ന് ജോണിനെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വിവാഹത്തിന് എതിര് നിന്നതോടെ ഭാര്യ സില്‍വിയും ജോണുമായി അത്ര രസത്തിലായിരുന്നില്ല. ഇടയ്ക്കിടെ ഇതുസംബന്ധിച്ച് വഴക്കിടുമായിരുന്നു. ജോണിന്റെ മരണം സംഭവിക്കുന്ന മാര്‍ച്ച് ആറിന് രാത്രിയിലും വിവാഹക്കാര്യം സംബന്ധിച്ച് വഴക്കുണ്ടായിരുന്നിക്കാമെന്നും സുചനയുണ്ട്.

 

അടക്കം ചെയ്തത് പോസ്റ്റ്‌മോര്‍ട്ടം ഇല്ലാതെ

 

ജോണിന്റെ മരണം അറിഞ്ഞിട്ടും പൊലീസ് സ്വമേധയാ കേസെടുക്കാന്‍ തയാറായില്ല. മാര്‍ച്ച് 9നാണ് പിതാവ് മിഖായേല്‍ പൊലീസിന് പരാതി നല്‍കുന്നത്. അന്നുതന്നെ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും പിന്നെ യാതൊരു നടപടിയും ഉണ്ടായില്ല. വീട്ടുകാര്‍ പൊലീസിനോടും പറഞ്ഞത് തൂങ്ങിമരണമെന്നാണ്. എന്നാല്‍ എന്തുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം അടക്കിയെന്നതു സംബന്ധിച്ച് ഒരന്വേഷണവും ഉണ്ടായില്ല. സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടായിരുന്നിട്ടും പൊലീസ് അതൊക്കെ അവഗണിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.