By Priya.11 May, 2022
കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍. സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിച്ച് കോണ്‍ഗ്രസുകാരനായി തുടരുമെന്ന കെവി തോമസിന്റെ നിലപാട് തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി സംസ്ഥാന ഘടകത്തിന് കെ.വി. തോമസിനെതിരെയുള്ള നടപടിയെന്താണെന്ന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയെടുത്ത ശേഷം എഐസിസിയെ വിവരമറിയിച്ചാല്‍ മതിയെന്നും അദ്ദേഹം വിശദീകരിച്ചു. ആര് പാര്‍ട്ടി വിട്ട് പോകുമെന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനേക്കാളേറെ പ്രധാനം ചിന്തന്‍ ശിബിരത്തിനാണ്. അക്കാര്യത്തിനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഇടതു സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്നും കെവി തോമസ് നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു.സ്വന്തം തെരഞ്ഞെടുപ്പ് പോലെ ഇടതു സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തും. വികസന കാര്യങ്ങളില്‍ വ്യക്തമായ നിലപാടെടുക്കുമെന്നും കെ വി തോമസ് പറഞ്ഞു. പുതിയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. നാളെ നടക്കുന്ന ഇടത് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം താനും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആശയങ്ങള്‍ സമൂഹത്തില്‍ നിലനില്ക്കും. തൃക്കാക്കരയെ മാത്രമല്ല കേരളത്തെയൊന്നാകെയാണ് താന്‍ കാണുന്നത്. കെ റെയില്‍ അടക്കമുള്ള കേരളത്തിലെ വികസന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നും കോണ്ഗ്രസുകാരന് തന്നെയാണ് താനെന്നും കോണ്‍ഗ്രസ് എന്നത് ഒരു കാഴ്ചപ്പാടാണെന്നും എക്കാലവും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ പോയത് മുതലല്ല തന്നോട് കെപിസിസി നേതൃത്വം അവഗണന കാണിച്ച്ത്തുടങ്ങിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ 2018 മുതല്‍ സംഘടിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ തന്നോട് ആരും പറഞ്ഞിട്ടില്ല. കല്ല്യാണമായതു കൊണ്ടല്ലല്ലോ മറ്റുളളവരെ വിളിച്ചത്. സ്ഥാനാര്‍ത്ഥിയായ ഉടനെ ഉമ വിളിച്ചു. ഭാര്യയാണ് ഫോണ്‍ എടുത്തത്. ഞങ്ങള്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ അങ്ങോട്ടും പോയില്ല, ഉമ ഇങ്ങോട്ടും വന്നില്ല. അങ്ങനെ ഒരു സമീപനം എടുത്താല്‍ പിന്നെന്താണ് ചെയ്യേണ്ടതെന്നും കെവി തോമസ് ചോദിച്ചു.