Friday 24 September 2021




'അന്തസോടെ സിപിഎമ്മുമായി സഹകരിക്കും, എ.കെ.ജി സെന്ററിൽ വലതുകാല്‍ വച്ച് കയറുകയാണ്'; കോണ്‍ഗ്രസ് വിട്ട അനില്‍കുമാര്‍ സി.പി.എമ്മിൽ

By സൂരജ് സുരേന്ദ്രന്‍.14 Sep, 2021

imran-azhar

 

 

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരിൽ സസ്‌പെന്‍ഷനിലായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അനിൽകുമാർ ഇക്കാര്യം അറിയിച്ചത്.

 

പി. എസ്. പ്രശാന്തിനൊപ്പം എകെജി സെന്ററിലെത്തിയ അനിൽകുമാറിനെ സി.പി. എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു.

 

"എ.കെ.ജി സെന്ററിന്റെ പടി വലതുകാൽ വെച്ച് ചവിട്ടുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാന്‍ പോകുന്നതെന്നും" അനിൽകുമാർ പറഞ്ഞു.

 

ഡിസിസി പ്രസിഡന്റുമാര്‍ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനില്‍കുമാര്‍ ആരോപിച്ചിരുന്നത്. അച്ചടക്കലംഘനത്തിന്റെ പേരിൽ അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

 

ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്‌.

 

"പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല, 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും" വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

 

കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും അനിൽകുമാർ വഹിച്ചിട്ടുണ്ട്.