Wednesday 08 April 2020




ഒരു പാര്‍ട്ടി ഹര്‍ത്താല്‍ നടത്തുന്നത് നല്ല ദിവസം നോക്കിയെന്ന് കടകംപള്ളി

By Online Desk.24 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് നല്ല ദിവസം നോക്കിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയുടെ പേരില്‍ നല്ല ദിവസമായ വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ നടത്തി. തുടര്‍ച്ചയായി എല്ലാ പ്രധാന ദിവസങ്ങളിലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഹര്‍ത്താല്‍ നടത്തുന്നു. അവരുടെ മന:ശാന്തിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം എന്നും അദ്ദേഹം പറഞ്ഞു. ആര്‍.ടി. മിഷന്‍ യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഇ- ബ്രോഷര്‍ പ്രകാശന ചടങ്ങും ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

ഇന്നലെ രാവിലെ 11 ന് മസ്‌കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കെ. മുരളീധരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ടൂറിസത്തില്‍ ഇന്ത്യയില്‍ ഏറ്റവും പ്രധാന്യമുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ് ടൂറിസം. വ്യവസായ മേഖലയില്‍ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഗള്‍ഫില്‍ നിന്നുള്ള വരുമാനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ടൂറിസത്തിന് കോട്ടം വരുത്തുന്നുവെന്നും കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. 

 

ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, തദ്ദേശ ഗ്രാമീണവികസനം എന്നിവയ്ക്കുള്ള പ്രധാന ഉപാധിയായി വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. ഒരു വര്‍ഷം കൊണ്ട് 10000 യൂണിറ്റുകള്‍ സംസ്ഥാനതലത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. കര്‍ഷകര്‍, കരകൗശല നിര്‍മ്മാണക്കാര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാര•ാര്‍, ഫാംസ്റ്റേ, ഹോംസ്‌റ്റെ സംരഭകര്‍, ടൂര്‍ ഗൈഡുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ സേവനം നടത്തിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ബെസ്റ്റ് ഇന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം എന്ന വിഭാഗത്തില്‍ കേരള ടൂറിസമാണ് പ്രഥമ അവാര്‍ഡ് ജേതാവ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നിലവില്‍ വന്നതിന് ശേഷം 3 അന്താരാഷ്ട്ര അവാര്‍ഡുകള്‍, 3 നാഷണല്‍ അവാര്‍ഡുകളും കേരളത്തിന് ലഭിച്ചു. 

 

ടൂറിസം, സാംസ്‌കാരികം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഇ.എം. നജീബ്, എബ്രഹാം ജോര്‍ജ്, പി.കെ. അനീഷ് കുമാര്‍, എം. രഘുദാസന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.