Saturday 04 April 2020
കനകക്കുന്നിൽ വസന്തം; നഗരത്തിന്റെ മനം കവരാൻ വർണ്ണ പൂക്കളൊരുങ്ങി

By online desk.22 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: മനം മയക്കുന്ന കാഴ്ചകളുടെയും സൗരഭ്യത്തിന്റെയും പൂക്കാലമൊരുക്കുന്ന വസന്തോത്സവത്തിന് കനകക്കുന്നില്‍ വര്‍ണാഭമായ തുടക്കം. ഇനി പതിനാല് നാള്‍ അനന്തപുരി പൂക്കളുടെ മായാ ലോകം തീര്‍ക്കും. ലോക കേരളസഭയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വസന്തോത്സവം സംഘടിപ്പിക്കുന്നത്. വര്‍ണവസന്തം തീര്‍ക്കുന്ന വിവിധയിനം പുഷ്പ-ഫല-സസ്യങ്ങളുടെ അപൂര്‍വ ശേഖരം. പതിനായിരത്തില്‍പരം പുഷ്പങ്ങളുടെ മനം മയക്കുന്ന വര്‍ണകാഴ്ച, അലങ്കാര പുഷ്പങ്ങളുടേയും, സസ്യങ്ങളുടേയും പ്രദര്‍ശനം തുടങ്ങി ഓരോ കാഴ്ചകളും സന്ദര്‍ശകരുടെ മനം മയക്കുകയാണ്. ആദ്യ ദിനമായ ഇന്നലെ വസന്തോത്സവം ആസ്വദിക്കാനായി നിരവധി പേരാണ് കനകക്കുന്നിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചതോടെ രണ്ടാഴ്ച നീളുന്ന അനന്തപുരിയുടെ പൂക്കളുടെ ഉത്സവത്തിനു കൊടിയേറി. പൂന്തോട്ട നഗരിയായ ബാംഗ്ലൂരില്‍ നിന്നുമാത്രം 20,000 വ്യത്യസ്തയിനം ചെടികളെയാണ് മേളയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

വനക്കാഴ്ചകളും വനവിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം. സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ സാന്നിധ്യവും മേളയെ വ്യത്യസ്തമാക്കുന്നു. അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന കാവുകളുടെ നേര്‍കാഴ്ചയും പുഷ്പമേളയില്‍ ആസ്വദിക്കാം. കാവുകളിലെ വന്യതയും ശോഭയും സന്ദര്‍ശകര്‍ക്ക് അടുത്തറിയാനും അവസരമുണ്ട്. ഗോത്ര സമുദായങ്ങളില്‍ നിലനില്‍ക്കുന്ന വംശീയ ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്നതിനായി ഗോത്ര പാരമ്പര്യവൈദ്യ ചികിത്സാ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിന്റെ ഭാഗമാണ്.

 

കുട്ടികള്‍ക്കുള്ള പുഷ്പറാണി, പുഷ്പരാജ് മത്സരങ്ങള്‍ക്കൊപ്പം അലങ്കാര സസ്യങ്ങള്‍, ഉദ്യാനവിന്യാസം, പുഷ്പിക്കുന്ന ചെടികള്‍, ആന്തൂറിയം, ഓര്‍ക്കിഡുകള്‍, റോസ് എന്നിവയുടെ പ്രത്യേക മത്സരങ്ങളാണ് പ്രധാനം. പൂക്കളുടെ ക്രമീകരണം, വെജിറ്റബിള്‍ കാര്‍വിംഗ് , ബൊക്കെ നിര്‍മ്മാണം എന്നിവയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. 20 ഗ്രാമങ്ങളില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യമേള തുടങ്ങിയവയും മേളയുടെ ആകര്‍ഷണങ്ങളാണ്. അലങ്കാര പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും പ്രദര്‍ശനത്തോടൊപ്പം പുഷ്പക്രമീകരണവും സംഘടിപ്പിക്കുന്നുണ്ട്. ബോണ്‍സായ് മരങ്ങളുടെയും അപൂര്‍വ്വ ഓര്‍ക്കിഡുകളുടെയും ഇരപിടിയന്‍ സസ്യങ്ങളുടെയും വന്‍ശേഖരവും പ്രദര്‍ശനത്തിനായി ഒരുക്കുന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, കെ.റ്റി.ഡി.സി എം.ഡി കൃഷ്ണതേജ, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.


പുഷ്പകൃഷി ഉപയോഗപ്പെടുത്തണം; മുഖ്യമന്ത്രി

 

പുഷ്പകൃഷിയുടെ സാധ്യതകള്‍ കേരളത്തില്‍ ഉപയോഗപ്പെടുത്താനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രംഗത്ത് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് സര്‍ക്കാര്‍ കാണുന്നത്. കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്ര പുഷ്പങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല. സാധാരണ കാര്‍ഷികമേഖലകള്‍ക്കപ്പുറം കൃഷിക്കാര്‍ക്ക് മികച്ച ആദായം ഉണ്ടാക്കാന്‍ കഴിയുന്ന രംഗമാണിത്. ടൂറിസം മേഖലയാകെ മികച്ച രീതിയില്‍ ശക്്തിപ്പെടുത്താനാകുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദമെന്നതിലുപരി വ്യാവസായികാടിസ്ഥാനത്തില്‍ത്തന്നെ കൃഷി ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ ഉണ്ടാകേണ്ടതുണ്ട്.


ലോകകേരള സഭയുടെ കര്‍ട്ടന്റൈസര്‍; കടകംപള്ളി


ലോകകേരള സഭയുടെ കര്‍ട്ടന്റൈസറാണ് വസന്തോത്സവമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൂക്കള്‍ മാത്രമല്ല, കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍, ഔഷധോദ്യാനം, വനംകാഴ്ചകള്‍, ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവമാണിവിടെ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെയാകെ വര്‍ണവസന്തമായി അവധിക്കാലത്ത് ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായാണ് വസന്തോത്സവം അവതരിപ്പിക്കുന്നത്. ഏറെ പുതുമകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ വസന്തോത്സവം. പൂന്തോട്ടനഗരമായ ബാംഗ്ലൂരില്‍ നിന്നടക്കമെത്തിച്ച ചെടികളുടെ ശേഖരം വ്യത്യസ്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പുഷ്പമേളയുടെ ടിക്കറ്റിന്റെ ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.


വൈവിധ്യത്തെ ഓര്‍മിപ്പിച്ച് ഔഷധസസ്യ ഉദ്യാനം; തൈകളും പച്ചമരുന്നും വിലക്കുറവില്‍

 

വസന്തോത്സവം പുഷ്പമേളയില്‍ ശ്രദ്ധേയമായി ഔഷധസസ്യ പ്രദര്‍ശന ഉദ്യാനം. സര്‍ക്കാര്‍ ആയുര്‍വേദ കോളേജിനു കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മകോഗ്‌നോസി യൂണിറ്റാണ് വിജ്ഞാനപ്രദവും വൈവിധ്യപൂര്‍ണവുമായ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ഗൃഹാങ്കണത്തില്‍ ഒരു ഔഷധോദ്യാനം എന്ന സന്ദേശം നല്‍കുന്നതാണ് പ്രദര്‍ശനം. കാണികള്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കുന്നതിനായി പൗരാണികമായ തറവാടിന്റെ മാതൃക നിര്‍മിച്ച് ഇതിനോടു ചേര്‍ന്ന് 200 ലധികം ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചാണ് പ്രദര്‍ശനഉദ്യാനം ഒരുക്കിയിരിക്കുന്നത്. മഞ്ചട്ടി, അമുക്കുരം, ഗരുഡക്കൊടി, ആരോഗ്യപ്പച്ച തുടങ്ങി അപൂര്‍വ ഔഷധസസ്യങ്ങളും നക്ഷത്ര മരങ്ങളും ഇവിടെയുണ്ട്. ദശപുഷ്പം, ത്രികടു, നാല്‍പാമരം, ത്രിഫല തുടങ്ങിയ ഔഷധക്കൂട്ടുകളുടെ പ്രദര്‍ശനവും ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രദര്‍ശനത്തിനോടൊപ്പം ഔഷധ സസ്യങ്ങളുടെ തൈകള്‍, പച്ചമരുന്നുകള്‍ എന്നിവ വിലക്കുറവില്‍ വാങ്ങാനും അവസരമുണ്ട്. 

 

ഗാന്ധിസ്മരണയില്‍ സുഗന്ധം വിതറി ഹൃദയകുഞ്ജ്


സബര്‍മതിയുടെയും മഹാത്മാഗാന്ധിയുടെയും ദീപ്ത സ്മരണകളെ അനുസ്മരിപ്പിച്ച് വസന്തോത്സവം. സബര്‍മതി ആശ്രമത്തെ അനുസ്മരിപ്പിക്കുന്ന ഫ്േളാറല്‍ ഇന്‍സ്റ്റലേഷന്‍ സന്ദര്‍ശകരുടെ മനം മയക്കുന്ന കാഴ്ചയാവുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഇന്‍സ്റ്റലേഷന്‍ സജ്ജീകരിക്കുന്നത്. സബര്‍മതി ആശ്രമത്തില്‍ ഗാന്ധി താമസിച്ചിരുന്ന ഹൃദയകുഞ്ജ് എന്ന വീടിനെയാണ് വര്‍ണാഭമായ പൂക്കള്‍ കൊണ്ട് കനകക്കുന്നില്‍ ഒരിക്കിയിരിക്കുന്നത്. ബംഗളൂരുവിലെ ലാല്‍ബാഗ് ഗ്ലാസ് ഫ്ളവര്‍ ഇന്‍സ്റ്റലേഷന്‍ ചെയ്ത അഗര്‍വാളും സംഘവുമാണ് ഹൃദയകുഞ്ജിന്റെ ശില്‍പികള്‍. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സബര്‍മതി ആശ്രമത്തിലെ ബാപ്പു കുടീറിനെ അനുസ്മരിപ്പിക്കുംവിധം ക്രൈസാന്റിയം പൂക്കളും ചുവന്ന റോസാ പൂക്കളും ഉപയോഗിച്ചാണ് നിര്‍മ്മാണം. പ്രധാനമായും പത്തോളം പൂക്കളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. റോസാപൂക്കളുടെ തന്നെ പല വൈവിധ്യങ്ങളും ജമന്തി പൂക്കളും വിവിധയിനം ഇലകളും ഹൃദയകുഞ്ജിനെ മനോഹരമാക്കുന്നു. ആശ്രമാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗാന്ധി പ്രതിമയും ചുറ്റു വേലിയും പൂന്തോട്ടവും നീര്‍ച്ചാലും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പിആര്‍ഒ ആയ പ്രേംകുമാറാണ് ഇതിന് നേതൃത്വം നല്‍കിയത്. പത്ത് ദിവസം കൊണ്ട് 25ലധികം 
പേരുടെ ശ്രമഫലമായാണ് ഈ മനോഹര കാഴ്ച തയാറാക്കിയത്.


പ്രേംകുമാര്‍


ബംഗളൂരുവിലേതില്‍ നിന്നും വ്യത്യസ്തവും അനുയോജ്യവുമായ കാലാവസ്ഥയായതിനാലാണ് കനകക്കുന്നിലെ തുറസ്സായ സ്ഥലത്ത് ഇത്തരത്തിലൊരു വേറിട്ട ദൃശ്യാനുഭവം കാഴ്ചക്കാര്‍ക്കായി ഒരുക്കാനായത്. ആറുദിവസത്തിലൊരിക്കല്‍ പഴയ പൂക്കള്‍ മാറ്റി പുതിയവ സ്ഥാപിക്കും. ജനുവരി മൂന്നുവരെ കാഴ്ചക്കാര്‍ക്ക് സബര്‍മതിയുടെ ഈ പുഷ്പ മാതൃക ആസ്വദിക്കാം.