Tuesday 07 July 2020




ഷര്‍ട്ടൂരുന്നതു പോലെ ശൈലി മാറ്റാനാകുമോ?; മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം

By anju.01 Jun, 2019

imran-azhar


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിമാറ്റേണ്ട ആവശ്യമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഷര്‍ട്ടൂരുന്നതു പോലെ ശൈലി മാറ്റണമെന്നു പറയുന്നതു സാധ്യമാണോയെന്ന് ചോദിച്ച കാനം പിണറായി ശൈലി മാറ്റിയാല്‍ പോയ വോട്ട് തിരിച്ചുവരുമോയെന്നും ചോദിച്ചു.

 

പിണറായി വിജയന്‍ വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹത്തിന്റെ ശൈലി അറിഞ്ഞുകൊണ്ടാണ് ജനം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് വാശി പിടിക്കുന്നത് മാധ്യമങ്ങളാണെന്നും കാനം പറഞ്ഞു.

 

എല്‍ഡിഎഫിന് മതേതര വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. ഇടതുപാര്‍ട്ടികള്‍ക്കു തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണു നേരിട്ടത്. ദേശീയതലത്തില്‍ അനൈക്യം പരാജയത്തിനു കാരണമായി. തെരഞ്ഞടുപ്പിലെ പരാജയം താത്കാലികമാണ്. അടുത്ത ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരും. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ് സ്വീകരിച്ച നിലപാടല്ല തോല്‍വിക്കു കാരണമായത്. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ശബരിമല വിഷയത്തിലെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പി നിലപാടിനെയാണ് ജനങ്ങള്‍ അനുകൂലിച്ചതെങ്കില്‍ ഒ. രാജഗോപാല്‍ വിജയിച്ച നേമത്ത് ബി.ജെ.പിക്ക് വോട്ടുകുറയില്ലായിരുന്നെന്നും കാനം പറഞ്ഞു.

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റാലും ഇല്ലെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ശബരിമല വിഷയത്തിലും സമാന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.