Friday 15 November 2019




കരമന കൊലപാതകം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

By Online Desk .22 May, 2019

imran-azhar

 

 

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസില്‍ പൊലീസ് കുറ്റംപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 72 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കുന്നത്. മയക്കുമരുന്ന് റാക്കറ്റില്‍പ്പെട്ട 14 പ്രതികള്‍ ചേര്‍ന്ന് അനന്തുവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ഒളിവിലായിരുന്ന സുമേഷടക്കം കേസിലെ എല്ലാ പ്രതികളും മാര്‍ച്ചില്‍ തന്നെ അറസ്റ്റിലായിരുന്നു. അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്തു ഗിരീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. റിമാഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കരമന അരശുമൂട് നിന്ന് പട്ടാപ്പകലാണ് പ്രതികള്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ ഒരു കടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മര്‍ദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവില്‍ ഇരുത്തിക്കൊണ്ടുപോവുകയായിരുന്നു.

 

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. പ്രതികളായ അരുണ്‍ ബാബു, വിജയരാജ് എന്നിവരെ കൊല്ലപ്പെട്ട അനന്തു ഗിരീഷും സംഘവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഇതിന് പ്രതികാരം തീര്‍ക്കാന്‍ പ്രതികള്‍ തീരുമാനിച്ചു, ബൈക്കില്‍ സഞ്ചരിച്ചിരുന്ന അനന്തു ഗിരീഷിനെ പ്രതികള്‍ തളിയില്‍വച്ച് തട്ടികൊണ്ടുപോയി നേമത്തുള്ള കുറ്റിക്കാട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കൊലക്കുമുമ്പ് കുറ്റക്കാട്ടില്‍ വച്ച് പ്രതികള്‍ മദ്യപിച്ചു. കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാനും ശ്രമിച്ചു. വിഷ്ണുരാജ്, ഹരിലാല്‍, വിനീത് കൃഷ്ണ, അനീഷ്, അഖില്‍, വിജയരാജ്, ശരത് കുമാര്‍, മുഹമ്മദ് റോഷന്‍, സുമേഷ്, അരുണ്‍ ബാബു, അഭിലാഷ്, റാം കാര്‍ത്തിക, വിപിന്‍ രാജ് എന്നിവരാണ് പ്രതികള്‍. മുഹമ്മദ് റോഷന്‍ മാത്രമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വിഷ്ണുരാജ്, വിജയരാജ് എന്നിവര്‍ക്കെതിരെ പോക്‌സോ പ്രകാരം മറ്റൊരു കേസും എടുത്തിട്ടുണ്ട്. കൊലപാതകം നടന്ന് 72 മത്തെ ദിവസമാണ് ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപന്‍ നായര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, തെളിവുനശിപ്പില്‍, എസ്-സി, എസ്-ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍, ഗൂഡാലോന എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 128 സാക്ഷികളും 81 തൊണ്ടിമുതലുകളും, 114 രേഖകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.