Friday 29 May 2020




ചികിത്സ കിട്ടാതെ കാസര്‍കോട് അതിര്‍ത്തിയില്‍ ഒരാള്‍കൂടി മരിച്ചു

By Online Desk .05 Apr, 2020

imran-azhar

 

കാസര്‍കോട്: കര്‍ണാടക ദേശീയ പാത അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ കാസര്‍കോട് ഇന്ന് ഒരാള്‍കൂടി മരിച്ചു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാള്‍ മംഗളുരുവിലായിരുന്നു ചികിത്സയ്ക്ക് പോയിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല. ഹൃദയ ശസ്ത്ര ക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടര്‍ന്ന് ഉപ്പളയിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 8 ആയി.
അതേസമയം മംഗളൂരു- കാസര്‍കോട് അതിര്‍ത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രതികരിച്ചത്. അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടി മാത്രമാണെന്നും കാസര്‍കോട് നിന്നുളള രോഗികളെ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി.