Tuesday 19 March 2024




സഹനത്തിന്റെ പോരാളി കായ്‌ല മുള്ളര്‍, ബാഗ്ദാദിയെ ഛിന്നഭിന്നമാക്കിയ യുഎസ് ഓപ്പറേഷന്‍

By online desk .29 Oct, 2019

imran-azhar

 

 

വാഷിംഗ്ടണ്‍: ഭീകരസംഘടന ഐഎസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ (48) വകവരുത്തിയ ഓപ്പറേഷന് യുഎസ് നല്‍കിയ ഓമനപ്പേരാണ് 'കായ്‌ല മുള്ളര്‍'. ഐഎസ് ബന്ദിയായിരിക്കെ കൊല ചെയ്യപ്പെട്ട യുഎസ് പൗരയായ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ സ്മരണയിലാണ് സൈനിക നടപടിക്ക് ഈ പേര് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത്. 26ാം വയസ്സില്‍ ഐഎസ് ബന്ദിയാക്കപ്പെട്ട കായ്‌ല ക്രൂരമായ പീഡനത്തെ തുടര്‍ന്നാണ് കൊല ചെയ്യപ്പെടുന്നത്. അരിസോണ സ്വദേശിയായ കായ്‌ല തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ സേവനം ചെയ്യാനായി എത്തിയപ്പോഴാണു ആലെപ്പോയില്‍ ബന്ധിയാക്കപ്പെട്ടത്. സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ച് സേവനം ചെയ്യാനാണ് കായ്‌ല എന്നും ആഗ്രഹിച്ചിരുന്നത്. വിവിധയിടങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ കായ്‌ല തീരുമാനിച്ചു. അനാഥാലയങ്ങളില്‍ സേവനം ചെയ്യാനായി 2009 ഡിസംബറിലാണ് കായ്‌ല ഇന്ത്യയിലേക്കു തിരിക്കുന്നത്. പിന്നീട് ടിബറ്റന്‍ അഭയാര്‍ത്ഥികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്ന യജ്ഞം ഏറ്റെടുത്തു. തുടര്‍ന്ന് ഇസ്രയേല്‍, പലസ്തീന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പലസ്തീനില്‍ നിന്നും വീട്ടിലേക്കു മടങ്ങവേ കണ്ടുമുട്ടിയ യാത്രക്കാരന്‍ വഴിയാണ് സിറിയയെ കുറിച്ചുള്ള വിവരങ്ങള്‍ കായ്‌ല അറിയുന്നത്. സിറിയയില്‍ ആഭ്യന്തരയുദ്ധം ശക്തമായ സമയത്ത് അഭയാര്‍ത്ഥികളെ സഹായിക്കാനായി കായ്‌ല എത്തി. ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകളെ ശാക്തീകരിക്കാനായി അവരുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചു. 2013 ഓഗസ്റ്റിലാണ് കായ്‌ല ബന്ധിയാക്കപ്പെടുന്നത്. അവരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ബാഗ്ദാദി ഉള്‍പ്പെടെയുള്ള ഐഎസ് നേതാക്കളുടെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും കായ്‌ല വിധേയമായെന്നാണു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 2015 ഫെബ്രുവരിയില്‍ കായ്‌ല കൊല്ലപ്പെട്ടു എന്നറിയിച്ച ഒരു സന്ദേശം ഐഎസ് കേന്ദ്രങ്ങള്‍ പുറത്തുവിട്ടു. റാഖയില്‍ ജോര്‍ദാന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു അറിയിപ്പ്. എന്നാല്‍ സംഭവം നടന്ന് ഇതുവരെയും കായ്‌ലയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.