Friday 29 May 2020




സംസ്ഥാനം അതീവഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ- തോമസ് ഐസക്

By online desk .10 Apr, 2020

imran-azhar



തിരുവനന്തപുരം : കൊറോണ കാലത്ത് സംസ്ഥാനം നേരിടുന്നത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ആണെന്ന് ധനമന്ത്രി തോമസ് ഐസക് . സംസ്ഥാനത്തിന്റെ വരുമാനത്തിൽ വൻ ഇടിവുണ്ടായെന്നും വരുമാനം നാലിലൊന്നായി കുറഞ്ഞു എന്നും അദ്ദേഹം കൂട്ടി ചേർത്തു. ലോക്ക് ഡൗൺ മൂലം കേരളത്തിന്റെ പ്രതിദിന വരുമാനം 300 കോടി രൂപയോളം നഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു . അതേസമയം ലോക്ക് ഡൗൺ ഇനിയും നീളുകയാണെങ്കിൽ വൻ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

 

സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷൻ തുടങ്ങിയവക്ക് മാത്രം കേരളത്തിന് പ്രതിമാസം വേണ്ടത് 7050 കോടി രൂപയാണ്. കൂടാതെ വികസനാവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രതിമാസ ചെലവ് ഏകദേശം 12,000 കോടി രൂപ വരും. വരുമാനമാർഗം നിലച്ചു കൂടാതെ ജിഎസ്ടി പ്രകാരം കിട്ടേണ്ട പണം രണ്ട് മാസമായി കേന്ദ്രം നൽകുന്നില്ല. റവന്യൂ കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്ത 15,323 കോടിയിൽ കേന്ദ്രം നൽകിയത് 1277 കോടി മാത്രമാണ്. ലോക്ക് ഡൗൺ മൂലം എക്സൈസ് നികുതി വരുമാനം ഇല്ലാതായി. അതേസമയം ടൂറിസം മേഖലയിലും വൻ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്.നികുതിയേതര വരുമാനത്തിൽ പ്രധാനമായിരുന്ന ഭാഗ്യക്കുറിക്കും നിർഭാഗ്യമായി. സംസ്ഥാനത്തിൻ്റെ വരുമാനം നാലിലൊന്നായി കുറഞ്ഞെന്നും തോമസ് ഐസക് പറഞ്ഞു.

 

വായ്‌പ്പാ എടുക്കുക എന്നതാണ് ഈ പ്രതിസന്ധി യെ മറികടക്കാൻ സംസ്ഥാന സർക്കാരിനുള്ള മുന്നിലുള്ള വഴി.എന്നാൽ കോറോണക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബോണ്ടിറക്കാൻ കേന്ദ്രത്തിൻ്റെ അനുമതി വേണം. വായ്പാ പരിധി 3 ൽ നിന്ന് 5 ശതമാനമായി ഉയർത്തണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.