Wednesday 22 May 2019


ലോകം ചർച്ച ചെയ്യുന്ന കേരളത്തിന്റെ രക്ഷാപ്രവർത്തനം

By Sarath Surendran.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: അവസാനത്തെയാളെയും രക്ഷിച്ച ശേഷമാണ് രക്ഷാപ്രവർത്തനം സർക്കാർ അവസാനിപ്പിച്ചത്. തുടക്കത്തിൽ 391494 കുടുംബങ്ങളും 1450707 അംഗങ്ങളും ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നു.

 

 

 

 

മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന്റെ നായകന്മാരായി എന്നത് ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം ലണ്ടനിൽ കേരളത്തിലെ രക്ഷാപ്രവർത്തനത്തെ കുറിച്ച് പ്രത്യേക ബോർഡ്‌തന്നെ വന്നിരുന്നു. ഇത് തൊഴിലാളിവർഗത്തിനുള്ള ലോക അംഗീകാരമാണ്. തൊഴിലാളികൾ അത്രയും കഷ്ടപ്പെട്ടുകൊണ്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവർ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയിരിക്കുന്നു. 369206 പേരെ ആകെ രക്ഷപ്പെടുത്തിയപ്പോൾ അതിൽ 317573 പേരെ രക്ഷപ്പെടുത്തിയത് മത്സ്യതൊഴിലാളികളും പോലീസുകാരും ഫയർഫോഴ്‌സും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ്. 51633 പേരെ സൈന്യവും രക്ഷപ്പെടുത്തി.

 

മത്സ്യത്തൊഴിലാളികൾ മാത്രം രക്ഷപ്പെടുത്തിയത് ഒരുലക്ഷത്തോളം പേരെയാണ്. രാപ്പകൽ ഭേദമില്ലാതെ അവർ രക്ഷാപ്രവർത്തനം നടത്തി. കിട്ടിയഭക്ഷണപ്പൊതിപോലും രക്ഷിച്ചെടുത്തവർക്ക് നൽകി രക്ഷാപ്രവർത്തനം തുടർന്ന മത്സ്യത്തൊഴിലാളികളുടെ കാരുണ്യവും കേരളം കണ്ടതാണ് . ബോട്ടിലേക്ക് കയറുന്നതിന് സാധിക്കാതെ വന്നപ്പോൾ, കമഴ്ന്നുകിടന്ന് സ്വന്തം ശരീരം ചവിട്ടുപടവാക്കി നൽകിയ ത്യാഗം പോലും നമ്മൾ കണ്ടു. ഓരോ വീട്ടിലും 'ആളുണ്ടോ ആളുണ്ടോ' എന്ന് ഉറക്കെവിളിച്ചുചോദിച്ചാണ് കൊച്ചുവള്ളങ്ങളിലുൾപ്പടെയായി മത്സ്യത്തൊഴിലാളികൾ ഇത്രയധികം പേരെ രക്ഷപ്പെടുത്തിയത്.

 

തീർത്തും ദുസ്സഹമായ സാഹചര്യങ്ങളിൽ പെട്ടുപോയ, വളരെവേഗം രക്ഷപടുത്തേണ്ടവരെയാണ്‌ സൈന്യം രക്ഷപ്പെടുത്തിയത്. അതിവേഗം രക്ഷിച്ചില്ലെങ്കിൽ ജീവൻതന്നെ നഷ്ടമാവും വിധം വളരെവേഗത്തിൽ വെള്ളം പൊങ്ങിയ ഇടങ്ങളിലുള്ളവരെയായിരുന്നു ഇത്. പൂർണ്ണഗർഭിണിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ സൈനികമാതൃക ആദരവ് പിടിച്ചുപറ്റിയതാണ്. ജീവനെടുക്കാൻ വെമ്പിയെത്തിയ വെള്ളത്തെ കുഞ്ഞിനൊപ്പം മുറിച്ചുകടന്ന രക്ഷാപ്രവർത്തനവും ഈ നാട് പരക്കെ അംഗീകരിച്ചതാണ്. എല്ലാ രക്ഷാപ്രവർത്തകരോടും നാടിന് വേണ്ടി മുഖ്യമന്ത്രി നന്ദി അറിയിച്ചത് അതുകൊണ്ടാണ്. ഈ നാട്‌ അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു. മുന്നനുഭവം ഇല്ലാത്ത നൂറ്റാണ്ടിലെ വലിയ പ്രളയക്കെടുതിയെ മറികടന്ന കൂട്ടായ്മയുടെ വിജയപാഠം കൂടിയാണ്‌ കേരളം ലോകത്തിന്‌ മുന്നിൽ കാട്ടിക്കൊടുത്തത്‌. അതുകൊണ്ട്‌ കൂടിയാണ്‌ ലണ്ടൻ നഗരത്തിലുൾപ്പടെ കേരളത്തിന്റെ ഈ ദുരിതാശ്വാസ പ്രതിരോധ പാഠം ചർച്ചയാവുന്നത്‌.