Wednesday 22 May 2019


തലസ്ഥാനത്തെ ഗുണ്ടാ- മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ 'ഓപ്പറേഷന്‍ ബോള്‍ട്ട്'

By online desk.15 Mar, 2019

imran-azhar

 

 

തിരുവനന്തപുരം; തലസ്ഥാന നഗരത്തില്‍ വര്‍ദ്ധിച്ച് വന്ന ഗുണ്ടാ- മയക്ക് മരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലീസ്. ഗുണ്ടാ മാഫിയയുടേയും , മയക്ക് മരുന്ന് മാഫിയയുടേയും സ്വാധീനം ശക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സിറ്റി പോലീസ് പദ്ധതി ആവിഷ്‌കരിച്ചു.

 

ഈ പദ്ധതി പ്രകാരം നഗരത്തിലെ മുഴുവന്‍ സാമൂഹ്യ വിരുദ്ധരേയും ഇല്ലായ്മ ചെയ്ത് നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലെ ആദ്യ പരിഗണന. അതിനായി നഗരത്തില്‍ കൂടുതല്‍ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനം നടത്തി വരുന്ന 210 പേരുടെ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ച്ചയായി നഗരത്തില്‍ പരിശോധന നടത്തുകയും കൂടുതല്‍ പ്രശ്നക്കാരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടിയും സ്വീകരിക്കും. കൂടാതെ ഇത്തരക്കാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനും സിറ്റി പൊലീസ് തീരുമാനിച്ചു. സ്ഥിരം കുറ്റവാളികളുടെ പഴയ കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ച് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. സ്ഥിരം പ്രശ്ന ബാധിത പ്രദേശങ്ങളും , ചേരി പ്രദേശങ്ങളിലും പോലീസ് നിരിക്ഷണം കര്‍ശനമാക്കുവാനും, രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് കൂടുതല്‍ ശക്തമാക്കുവാനും തീരുമാനിച്ചു.

 

നഗരത്തിലെ കാട് പിടിച്ച പ്രദേശങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും തുറസായ സ്ഥലങ്ങളിലും കഞ്ചാവ്, മദ്യം, തുടങ്ങി മറ്റു മാരക മയക്കുമരുന്നുകള്‍ യുവാക്കള്‍ സംഘം ചേര്‍ന്ന് ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയ പോലീസ്, ഇത്തരം സ്ഥലങ്ങളില്‍ വരുന്ന ലഹരി ഉപയോക്താക്കളുടെ വിവരശേഖരണം നടത്തിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ലോക്കല്‍ പോലീസും ഷാഡോ പോലീസും നിരന്തരം പരിശോധന പരിശോധനകള്‍ നടത്തുമെന്നും ഇത്തരം ലഹരി ഉപയോക്താക്കളെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും

 

തലസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന മയക്ക് മരുന്ന് , കഞ്ചാവ് മാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുവാനും ഓപ്പറേഷന്‍ ബോള്‍ട്ട് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലേക്ക് ഏതൊക്കെ വഴിയാണ് ഡ്രഗ്സ് വരുന്നതെന്ന് കണ്ടു പിടിക്കാന്‍ മുഴുവന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയേയും പ്രത്യേകം നിരീക്ഷിക്കും.

 

ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന ഡ്രഗ്സ് കേസുകളെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ പ്രത്യേകം നിരീക്ഷിക്കും. നഗരപരിധിക്കുളളില്‍ ലഹരി വില്‍പ്പനക്കാര്‍ ് 150 ഓളം ലഹരി വില്‍പ്പനക്കാര്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇവരില്‍ നിന്നുള്ള വ്യാപാരം തടയാനും ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ആവശ്യമങ്കില്‍ ഇവരെ കരുതല്‍ തടങ്കലില്‍ വെക്കും, ഓപ്പറേഷന്‍ ബോള്‍ട്ടുമായി ബന്ധപ്പെട്ട് നഗരത്തിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. നഗരത്തില്‍ മയക്ക് മരുന്ന്- കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ (സിറ്റിസണ്‍ പൊലീസ് വിജില്‍) സി പി വിജില്‍ എന്ന എമര്‍ജന്‍സി നമ്പരായ 9497975000 പൊതുജനള്‍ക്കും അറിയിക്കാം ഇത് കമ്മീഷണര്‍ തന്നെ നേരിട്ട് മോണിറ്റര്‍ ചെയ്യും


സിറ്റിയില്‍ നടത്തുന്ന പരിശോധയുടെ ഭാഗമയായി ജില്ലയിലെ റൂറല്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലും ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ശക്തമാക്കുമെന്ന് സൗത്ത് സോണ്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു.