Saturday 20 July 2019




ഓപ്പറേഷന്‍ ബോള്‍ട്ട്: ഇതുവരെ അറസ്റ്റിലായത് 340 പേര്‍

By online desk.18 Mar, 2019

imran-azhar

 

 

തിരുവനന്തപുരത്ത് പൊലീസിന്റെ ഓപ്പറേഷന്‍ ബോള്‍ട്ട് ശക്തമാകുന്നു. മൂന്ന് ദിവസത്തിനിടെ 340 പേര്‍ അറസ്റ്റിലായി. ശ്രീവരാഹം കൊലപാതകത്തിലെ മുഖ്യ പ്രതി അര്‍ജുനും പിടിയിലായി. കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെയും പൊലീസ് പിടികൂടി. നടപടി തുടരുമെന്ന് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദീന്‍ പറഞ്ഞു. ഗുണ്ടാ ലഹരി മാഫിയാ കേസുകളിലാണ് വ്യാപക അറസ്റ്റ് നടക്കുന്നത്. മൂന്ന് ദിവസത്തിനിടെ 340 പേര്‍ തിരുവനന്തപുരം സിറ്റിയില്‍ നിന്ന് മാത്രം പിടിയിലായി. 97 പേര്‍ കരുതല്‍ തടങ്കലിലാണ്. നഗരം ശാന്തമാക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

 

ശ്രീവരാഹത്തെ ശ്യാമിനെ കൊലപ്പെടുത്തി മൂന്ന് ദിവസത്തിനിപ്പുറമാണ് മെന്റല്‍ അര്‍ജുനെന്ന അര്‍ജുന്‍ പൊലീസിന്റെ വലയിലായത്. തമ്പാനൂരില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിക്കവെ ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് എ.സി.പിയാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗമായ അര്‍ജുന്‍ ദീര്‍ഘനാളായി മുംബൈയിലായിരുന്നു. കഴക്കൂട്ടത്ത് ഇന്നലെ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയേയും പൊലീസ് പിടികൂടി. നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഉണ്ണി.