Thursday 22 August 2019




മഴ മരണം 104 ആയി: കവളപ്പാറയില്‍ 7 മൃതദേഹങ്ങള്‍ കണ്ടെത്തി

By online desk.14 Aug, 2019

imran-azhar

 

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 104 ആയി. 37 പേരെ കണ്ടെത്താനുണ്ട്. ഏഴ് മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെടുത്തതോടെ മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇനി ഇവിടെ നിന്ന് 29 പേരെ കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലുണ്ടായ പുത്തുമലയില്‍ കാണാതായ ഏഴുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ അബ്ദുറഹ്മാന്‍ എന്ന തൊഴിലാളി കടല്‍ക്ഷോഭത്തില്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 102 ആയി. 37 പേരെ കാണാതായിട്ടുണ്ട്.


സംസ്ഥാനത്താകെ 1119 ദുരിതാശ്വാസ ക്യാമ്പുകളിലായി 58508 കുടുംബങ്ങളില്‍ നിന്നുള്ള 189649 പേരുണ്ട്. 1060 വീടുകള്‍ പൂര്‍ണമായും 11286 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തൃശൂരില്‍ 223 ക്യാമ്പുകളിലായി 45309 പേരും വയനാട് 196 ക്യാമ്പുകളിലായി 35878 പേരുമുണ്ട്. മലപ്പുറത്ത് യഥാക്രമം 138-33014, കോട്ടയം 173-22136, ആലപ്പുഴ 103-22372, കോഴിക്കോട് 95-11682, പത്തനംതിട്ട 85-7504, എറണാകുളം 42-4298, കണ്ണൂര്‍ 25-4020, ഇടുക്കി 8-349, തിരുവനന്തപുരത്ത് ആറ് ക്യാമ്പുകളിലായി 553 അഭയാര്‍ത്ഥികളുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മഴയ്ക്ക് ശമനമുണ്ടായതോടെ ചില ജില്ലകളിലെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങി. 

 

അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് മലപ്പുറം മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 20 സെന്റീമീറ്റര്‍ വരെയും വയനാട്, കാസര്‍കോട് ജില്ലകളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയും മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ചും വയനാട്, കാസര്‍േേകാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 16 കഴിയുന്നതോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


അതേസമയം, കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോത്തുകല്ലിലെ മുസ്‌ളിം പള്ളി സൗകര്യമൊരുക്കി. മണ്ണിനടിയില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള സൗകര്യമാണ് പോത്തുകല്‍ അങ്ങാടിയിലെ മസ്ജിദുല്‍ മുജാഹിദീന്‍പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ദിവസങ്ങളായി മണ്ണിനടിയില്‍ കുടുങ്ങിയ ശരീരങ്ങള്‍ പുറത്തെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി തിരിച്ചുകൊണ്ടുവരുന്നത് പ്രായോഗിക ബുദ്ധിമുട്ടായതിനാലാണ് പള്ളിയില്‍ സൗകര്യമൊരുക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.