Friday 21 February 2020




വിവാഹ വാർഷികം ആഘോഷിച്ച് അവർ സഞ്ചരിച്ചത് മരണത്തിലേക്ക്: കൊലയാളി കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ്

By Sooraj Surendran .21 Jan, 2020

imran-azhar

 

 

കോഴിക്കോട്: നിനച്ചിരിക്കാതെ ഇടിത്തീയായി വന്ന ദുരന്തത്തിന്റെ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് കോഴിക്കോട് നഗരം. വിവാഹ വാർഷികം ആഘോഷിച്ച ശേഷമാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്തും ഇന്ദുവും നേപ്പാളിലേക്ക് യാത്ര തിരിച്ചത്. പക്ഷെ മരണമായിരുന്നു നേപ്പാളിൽ ഈ കൊച്ചു കുടുംബത്തെ കാത്തിരുന്നത്. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 പേരടങ്ങുന്ന സംഘമാണ് ഹോട്ടലിൽ മുറിയെടുത്ത്. രണ്ട് ഭാഗങ്ങളിലായായിരുന്നു ഇവരുടെ താമസം. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറിയിലുണ്ടായിരുന്നവർ പുറത്തിറങ്ങാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

കൊടും തണുപ്പിൽ നിന്നും രക്ഷനേടാൻ ഹീറ്റർ പ്രവർത്തിപ്പിച്ചതാണ് അപകടകാരണം. പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലെ താപപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടായ കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മുറിയിലുണ്ടായിരുന്ന എട്ട് പേരും മരിച്ചത്. മണമോ നിറമോ ഇല്ലാത്ത അപകടകാരിയായ വാതകമാണ് കാർബണ്‍ മോണോക്സൈഡ്. ഇത് രക്തത്തിൽ കലർന്നാൽ ശരീരത്തിലെ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാൾ അബോധാവസ്ഥയിലേയ്ക്കു പോവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഹീറ്റർ തകരാറായത് മൂലമാണ് വാതകം ചോർന്നത്. മറ്റൊരു മുറിയിലായതിനാല്‍ രഞ്ജിത്തിന്റെ മൂത്ത മകന്‍ മാധവ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശിയായ പ്രവീണ്‍ കുമാര്‍ നായരും ഭാര്യ ശരണ്യയും കുടുംബസമേതം കൊച്ചി ഇടപ്പള്ളിയിലാണ് താമസം. എറണാകുളം അമൃതയില്‍ എം.ഫാം വിദ്യാര്‍ഥിനിയാണ് ശരണ്യ. മൃതദേഹങ്ങള്‍ വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും.