Sunday 15 December 2019
കെവിന്‍ വധക്കേസ്: വിധി പറയുന്നത് മാറ്റി

By Neha C N .14 Aug, 2019

imran-azhar

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് കോടതി ഈ മാസം 22-ലേയ്ക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റെ മരണം ദുരഭിമാനക്കൊലയാണോ എന്നതില്‍ സ്ഥിരീകരണം വേണമെന്ന് കോടതി പറഞ്ഞു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വിദിച്ചെങ്കിലും പ്രതിഭാഗം ഇത് നിഷേധിക്കുകയായിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.


കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് കേസിലെ മുഖ്യസാക്ഷിയായ ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ കെവിനുമായി നടത്താമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നു. താഴ്ന്ന ജാതി മേല്‍ ജാതി എന്നത് നിലനില്‍ക്കില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അനീഷ് മൊഴി നല്കിയിട്ടുണ്ട്. അതുകൊണ്ട് ഇതിനെ ദുരഭിമാനക്കൊലയായി കണകാക്കാന്‍ കഴിയില്ലെന്നാണ് പ്രതിഭാഗത്തിന്റെ ഭാഗം.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ അടക്കം ആകെ 14 പ്രതികളാണ് കേസിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 2019 ജൂലൈ 30 ന് വിചാരണ പൂര്‍ത്തിയാക്കി. അതേസമയം 114സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇതില്‍ ആറ് പേര്‍ കൂറുമാറി. 258 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.

മേയ് 26നാണ് എസ്.എച്ച് മൗണ്ട് പിലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ വീട്ടുകാരുടെ അനിഷ്ടം വകവെയ്ക്കാതെ കൊല്ലപ്പെട്ട കെവിന്‍ വിവാഹം ചെയ്തതിനു പിന്നാലെയായിരുന്നു ക്രൂരമര്‍ദ്ദനവും കൊലപാതകവും. കോട്ടയം നാട്ടകത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഷാനുവും സംഘവും കെവിനെ മര്‍ദ്ദിച്ച് പുറത്തിറക്കുകയും കാറില്‍ കയറി തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.കെവിനോടൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ സംഘം അന്നു തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും നടപടി വൈകിയതാണ് കെവിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപണമുണ്ടായിരുന്നു.

 

2018 മെയ് 28ന് പുലര്‍ച്ചെ തെന്മലയില്‍ ചാലിയക്കര തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടു കിട്ടിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛന്‍ ചാക്കോ ജോണിനെയും പിടികൂടി.

 

കെവിനെ ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. കെവിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിനെ ബലമായി വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും പിന്നാലെ വന്നു.

 

കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് നീനു കഴിയുന്നത്. ഇവിടെ നിന്നുകൊണ്ട് ബിരുദ പഠനം പൂര്‍ത്തിയാക്കിയ നീനു ഇപ്പോള്‍ എംഎസ്ഡബ്ലുവിന് പഠിക്കുകയാണ്. സംസ്ഥാനസര്‍ക്കാരാണ് നീനുവിന്റെ പഠനചിലവ് വഹിക്കുന്നത്. കൂടാതെ കെവിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഈ പണം ഉപയോഗിച്ച് കെവിന്റ കുടുംബം വീടുവയ്ക്കാന്‍ സ്ഥലം വാങ്ങിയിട്ടുണ്ട്.