By Sooraj Surendran .29 Mar, 2020
തിരുവനന്തപുരം: മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്നും, മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.ജി.എം.ഒ.എ. ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബിവറേജസ് ഔട്ലെറ്റുകളും, ബാറുകളും, കള്ള് ഷാപ്പും, അടച്ചിരിക്കുകയാണ്. ഇതേ തുടർന്ന് മദ്യാസക്തി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്കുന്ന കാര്യം പ്രഖ്യാപിച്ചത്. മദ്യാസക്തിക്ക് മദ്യം നൽകുന്നതിന് പകരം മറ്റു ചികിത്സാമാര്‍ഗങ്ങള്‍ ഉണ്ടെന്നും അവ ഉപയോഗിക്കണമെന്നും, അശാസ്ത്രീയവും അധാര്‍മികവുമാണ് മദ്യാസക്തിക്ക് പകരം മദ്യം നല്‍കാനുള്ള തീരുമാനമെന്നും കെ.ജി.എം.ഒ.എ. പ്രതികരിച്ചു.