By Veena Viswan.27 Jan, 2021
കൊല്ലം: കളമശ്ശേരി മോഡല്‍ ആക്രമണം കൊല്ലത്തും. കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനെയും ഒമ്പതാം ക്ലാസുകാരനെയുമാണ് കൂട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി.
കരിക്കോട് പേരൂര്‍ കല്ക്കുളത്ത് വെച്ചാണ് കുട്ടികളെ കൂട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. കളിയാക്കിയത് ചോദ്യംചെയ്തതിന് ആക്രമിച്ചെന്നാണ് മര്‍ദനത്തിനിരയായ കുട്ടികളിലൊരാളുടെ വെളിപ്പെടുത്തല്‍. വയലിലിട്ട് കുട്ടികളെ ചവിട്ടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബെല്‍റ്റ് ഉപയോഗിച്ചും കരിങ്കല്‍ കഷണം കൊണ്ടും മര്‍ദിച്ചു. ആക്രമണത്തില്‍ ഒരു കുട്ടിയുടെ വയറിലും നെഞ്ചിലും കണ്ണിന് മുകളിലും പരിക്കേറ്റിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കളമശ്ശേരിയില്‍ 17-കാരനെ കൂട്ടുകാര്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനായിരുന്നു 17-കാരന് മര്‍ദനമേറ്റത്. ഈ സംഭവത്തിലുള്‍പ്പെട്ട ഒരു കുട്ടി പിന്നീട് ജീവനൊടുക്കി. കളമശ്ശേരി സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് കൊല്ലത്തും സമാനമായ ആക്രമണം അരങ്ങേറിയിരിക്കുന്നത്.