Wednesday 10 August 2022




പൂപ്പല്‍ രോഗബാധ; കോഴിക്കോട് മെഡി. കോളേജില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു

By Ameena Shirin s.02 Jul, 2022

imran-azhar

കോഴിക്കോട്: പൂപ്പല്‍രോഗബാധയെത്തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന തിയേറ്റര്‍ താത്കാലികമായി അടച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തിയേറ്ററാണ് ഒരാഴ്ചത്തേക്ക് അടച്ചത്. രണ്ടു രോഗികള്‍ക്കാണ് പൂപ്പല്‍ബാധ ഉണ്ടായത്.

 

വൃക്ക മാറ്റിവച്ച ഒരുരോഗിക്ക് ശസ്ത്രക്രിയക്കുശേഷം മൂത്രത്തില്‍ നിറവ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ (പൂപ്പല്‍ബാധ) കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രോഗിയെ പേവാര്‍ഡിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയ മറ്റൊരു രോഗിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

 

പേവാര്‍ഡിലേക്ക് മാറ്റിയ രോഗി സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങി . അവയവമാറ്റ ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാനായി കാര്‍ഡിയോ തെറാസിക്, ഗ്യാസ്ട്രോ സര്‍ജറി, പ്‌ളാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ തിയേറ്റര്‍ ഒഴിവനുസരിച്ച് ഉപയോഗിക്കാന്‍ ക്രമീകരണം ചെയ്തിട്ടുണ്ട്.

 

പൂപ്പല്‍ബാധയുണ്ടായ തിയേറ്ററില്‍ മൈക്രോബയോളജി വിഭാഗം പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്ക് അയച്ചു. പൂമുമ്പും തിയേറ്ററുകളില്‍ പൂപ്പല്‍ബാധ ഉണ്ടായിട്ടുണ്ട്.