Friday 24 September 2021




'എകെജി സെന്റര്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെസ്റ്റ് കളക്ഷന്‍ സെന്ററായി മാറി'- കെ.സുധാകരൻ

By Web Desk.14 Sep, 2021

imran-azhar

 

 

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വെസ്റ്റ് കളക്ഷന്‍ സെന്ററായി എകെജി സെന്റര്‍ മാറി. ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി അധഃപതിച്ച സിപിഎം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തിയെന്നും സുധാകരൻ തുറന്നടിച്ചു.

 

അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ സിപിഎമ്മിനു റാഞ്ചാന്‍ സാധിച്ചിട്ടില്ല. 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അനിൽ കുമാറിന് പത്ത് പ്രവര്‍ത്തകരുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിച്ചില്ല എന്നത് അദ്ദേഹം പാര്‍ട്ടിയുടെ ബാധ്യതയാണെന്നു തെളിയിക്കുന്നതാണ്.

 

എകെജി സെന്ററിലേക്ക് കടന്നു ചെന്ന അനില്‍കുമാര്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം എകെജി സെന്ററിലേക്കു കടന്നുചെല്ലാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല.

 

അതില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ ജനസ്വാധീനവും മഹത്വവും വ്യക്തമാണ്.സെമി കേഡര്‍ പാര്‍ട്ടി എന്താണെന്ന് ആറു മാസത്തിനുള്ളില്‍ ഞങ്ങള്‍ ബോധ്യപ്പെടുത്തി തരാം. പുതിയ സമീപനങ്ങളും പദ്ധതികളുമായി കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുകയാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ അസംതൃപ്തരെ കൂട്ടുപിടിച്ച് അതിനു തടയിടാന്‍ സിപിഎം ശ്രമിക്കുന്നതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.