Wednesday 15 August 2018

കെഎസ്ആർടിസി ബസിലേക്ക് കയറി ഡ്രൈവറെ മർദിച്ചത‌ിന് ഗായിക അറസ്റ്റിൽ

By BINDU PP .03 May, 2018

imran-azhar

 


കൊല്ലം: സ്റ്റോപ്പിൽ നിർത്തിയ കെഎസ്ആർടിസി ബസിലേക്ക് അതിക്രമിച്ചു കയറി ഡ്രൈവറെ മർദിച്ച ഗായികയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയിൽ ജിജിത്തിന്റെ ഭാര്യ അരുണിമ (26) ആണ് അറസ്റ്റിലായത്. ദേശീയപാതയിൽ പുറക്കാട് ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കരുനാഗപ്പളളി ഡിപ്പോയിലെ ഡ്രൈവർ കൊല്ലം കുന്നത്തൂർ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറിനാണു പരുക്കേറ്റത്. എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാർ. താൻ ഗായികയാണെന്നും കരുനാഗപ്പള്ളിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോകുകയാണെന്നുമാണ് അറസ്റ്റിലായ അരുണിമ പൊലീസിനോട് പറ‍ഞ്ഞത്. അരുണിമയും ഭർത്താവ് ജിജിത്തും കു‍ഞ്ഞും സഞ്ചരിച്ച കാർ ബസുമായി ചെറുതായൊന്ന് ഉരസിയിരുന്നു. തുടർന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയതെന്ന് പോലീസ് പറയുന്നു. ജിജിത്താണു കാർ ഓടിച്ചിരുന്നത്. അമ്പലപ്പുഴ ഭാഗത്തെത്തിയപ്പോൾ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിൽ ഉരസിയതായി കാർ ഉടമ പറയുന്നു. ഇതിനിടെ കുഞ്ഞ് അരുണിമയുടെ കൈയിൽ നിന്നു കാറിനുള്ളിൽ വീണു. ബസ് പുറക്കാട് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ, പിന്തുടർന്നെത്തിയ കാർ ബസിനു കുറുകെയിട്ട ശേഷം അരുണിമ കാറിൽ നിന്നിറങ്ങി ചെന്ന് ഡ്രൈവറെ മർദിക്കുകയായിരുന്നു.