By Online Desk .22 Jan, 2019
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എംപ്ലോയ്മെന്റ് വഴി നിയമനം നേടിയ ജീവനക്കാരെയാണ് കോടതി ഉത്തരവിന്റെ പേരുപറഞ്ഞ് കോര്പ്പറേഷന് എംഡി പിരിച്ചുവിട്ടത്. കോടതിക്കു മുന്നില്‍ കള്ളക്കണക്കുകള്‍ നിരത്തിയാണ് എംഡി തങ്ങളെ പിരിച്ചുവിട്ടതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കേരളത്തിലെ മുഴുവന്‍ എംപാനല്‍ ജീവനക്കാരും സെക്രട്ടേറിയറ്റിനു മുന്നില്‍ ശയനപ്രദക്ഷിണ സമരം നടത്തിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരെന്ന് എംപാനല്‍ കൂട്ടായ്മ ജനറല്‍ സെക്രട്ടറി ദിനേശ് ബാബു പറഞ്ഞു. ഇടതു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സ്വകാര്യ ബസിലെ ക്ലീനറെപ്പോലും പിരിച്ചുവിട്ടാല്‍ സമരം നടത്തുന്ന ട്രേഡ് യൂണിയനുകള്‍ തങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോടതിക്കു മുന്നില്‍ വന്നിട്ടുള്ളത് പി.എസ്.സിയുടെ സത്യവാങ്മൂലമാണ്. അതില്‍ പറയുന്നത് പിന്‍വാതില്‍ നിയമനം പാടില്ലെന്നാണ്. ഞങ്ങളെ നിയമിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണ്. ഞങ്ങളുടേത് പിന്‍വാതില്‍ നിമനമെന്നാണു പറയുന്നതെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനത്തിന് ഇവിടെ പ്രസക്തിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേഷനാണ് തരികിട കാണിക്കുന്നത്. ഒരു സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടില്ലെന്നാണ് കോര്പ്പറേഷന് കോടതിയില്‍ പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദിനംപ്രതി 500ലേറെ സര്‍വീസുകളാണ് ക്യാന്‍സല്‍ ചെയ്യുന്നത്. ഡ്രൈവര്‍മാരെ കൊണ്ട് കണ്ടക്ടര്‍ പണിയെടുപ്പിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ നടക്കുന്നത്. നിരവധി ബസുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോഴും ബസില്ലെന്ന ന്യായമാണ് കോര്പ്പറേഷന് പറയുന്നത്. ഇത് തന്ത്രപൂര്‍വമായി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കമാണെന്നും അവര്‍ ആരോപിക്കുന്നു. ഇന്നലെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് സമരപ്പന്തരിലെത്തി സമരത്തിന് പിന്തുണ അറിയിച്ചു. സര്‍ക്കാരിന്റെ നയമല്ല എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുകയെന്ന് അദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ടവരെ എത്രയും വേഗം തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുഭാവപൂര്‍വം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഈമാസം 25 മുതല്‍ സമരം നിയമസഭയ്ക്കു മുന്നിലേക്കു മാറ്റുമെന്ന് സമരസമിതി ജനറല്‍ സെക്രട്ടറി ദിനേശ് ബാബു കലാകൗമുദിയോടു പറഞ്ഞു.