Sunday 12 July 2020
ലീല റാവിസ് ഇനിമുതല്‍ കോവളം റാവിസ് ; സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ 200 പേര്‍ക്ക് വീട്

By online desk.03 Dec, 2019

imran-azhar

 

തിരുവനന്തപുരം : ലീല റാവിസ് ഇനിമുതല്‍ കോവളം റാവിസ് എന്നറിയപ്പെടും. ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം നാട്ടില്‍ സഞ്ചാരികള്‍ക്കായി നല്ലൊരു താമസസ്ഥലം എന്ന സ്വപ്‌നത്തില്‍ നിന്നായിരുന്നു 'റാവിസ്' പിറന്നത്. കൊല്ലത്തുനിന്ന് തുടങ്ങിയ ആ സ്വപ്‌നയാത്ര യൂറോപ്പിലെ നഗരങ്ങളിലേക്കും എത്തുന്നു. യൂറോപ്പില്‍ 41 ഹോട്ടലുകളുള്ള വലിയൊരു ശൃംഖലയെ ആര്‍.പി. ഗ്രൂപ്പ് ഏറ്റെടുത്തു. അതിനോടനുബന്ധിച്ചാണ് കോവളത്തെ ഹോട്ടലിന്റെ പേര് മാറ്റവും. ജനുവരി ഒന്നു മുതല്‍ ആ പഞ്ചനക്ഷത്ര ഹോട്ടല്‍ 'കോവളം റാവിസ്' ആയി അറിയപ്പെടും. കേരളത്തില്‍ ഹോട്ടല്‍ വ്യവസായ രംഗത്ത് 1,000 കോടി രൂപ നിക്ഷേപിക്കുന്നുവെന്നതാണ് പ്രധാന പ്രഖ്യാപനം.

 

കേരളത്തിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് 1,000 കോടി രൂപയുടെ നിക്ഷേപം ഉടനുണ്ടാവും. തിരുവനന്തപുരത്ത് അന്താരാഷ്ര്ട നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്ററാണ് ഇതില്‍ പ്രധാനം. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങം. സ്ഥലം ഏതാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും രവി പിള്ള പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലും ഇതോടനുബന്ധിച്ചുണ്ടാവും. ഈ വര്‍ഷംതന്നെ നിര്‍മാണം ആരംഭിക്കും. കൊല്ലത്ത് റാവിസിനു മുന്നിലുള്ള 150 വര്‍ഷം പഴക്കമുള്ള ഒരു കൊട്ടാരം ഏറ്റെടുത്തിട്ടുണ്ട്. അവിടെ മികച്ച ആയുര്‍വേദ ചികിത്സാ കേന്ദ്രം തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. കണ്ണൂരിലും ഹോസ്പിറ്റാലിറ്റി മേഖലയില്‍ ചില പദ്ധതികള്‍ ആലോചനയിലുണ്ട്.

 

ഹോട്ടല്‍ 'ലീല' ഗ്രൂപ്പിന്റെ എല്ലാ അവകാശവും ഒരു കനേഡിയന്‍ ഗ്രൂപ്പിന് ആയിക്കഴിഞ്ഞു. അതുകൊണ്ടുമാത്രമാണ് ലീല ഹോട്ടലിന്റെ പേരുമാറ്റം. എണ്ണ–വാതക രംഗത്തായിരുന്നു എന്റെ ബിസിനസ് പ്രധാനമായും. എന്നാല്‍, മനസ്‌സിന്റെ സന്തോഷത്തിനു വേണ്ടിയാണ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നത്. ലാഭം പ്രതീക്ഷിച്ചായിരുന്നില്ല അത്. നല്ല പേരുള്ള ബ്രാന്‍ഡായി വളരണം. അതിനായി മികച്ച ഭക്ഷണം, സര്‍വീസ്, സുരക്ഷിതത്വം. ഇതാണ് ഞങ്ങള്‍ നല്‍കിയതെന്നും രവി പിള്ള പറഞ്ഞു.

അത് ആളുകളെ ആകര്‍ഷിച്ചു. ഇവിടെ എത്തുന്നവര്‍തന്നെയാണ് ഞങ്ങളുടെ മാര്‍ക്കറ്റിങ് മാനേജര്‍മാര്‍. ഓരോ സ്ഥലത്തും നല്ല ഭക്ഷണം നല്‍കാനായി ഞങ്ങള്‍തന്നെ പശുക്കളെ വളര്‍ത്തുന്നു, പച്ചക്കറി കൃഷിചെയ്യുന്നു. മിക്കവാറും ഭക്ഷണത്തിനാവശ്യമായതെല്ലാം ഞങ്ങള്‍ തന്നെയാണ് കണ്ടെത്തുന്നത്. ഇതൊന്നും വലിയ ലാഭം പ്രതീക്ഷിച്ചല്ല. അതിഥി സന്തോഷത്തോടെ മടങ്ങണം. അതിനുവേണ്ടിയാണ് ഇതെല്ലാം. ആദ്യം നല്ല പേരുണ്ടാക്കുക, ലാഭം പിന്നാലെ വന്നുകൊള്ളും... ഇതാണ് എന്റെ വിശ്വാസം. അതാണ് റാവിസിന്റെ വിജയത്തിനു പിന്നിലെ ഘടകവും.

 

യൂറോപ്പിലാകെ വ്യാപിച്ചുനില്‍ക്കുന്ന പ്രശസ്തമായ, 41 ഹോട്ടലുകളുടെ ഒരു ശൃംഖല ഏറ്റെടുക്കാന്‍ പോവുകയാണ്. ലണ്ടനിലും ഇറ്റലിയിലെ മിലാന്‍, റോം എന്നിവിടങ്ങളിലുമുള്ള ഹോട്ടലുകള്‍ ഉടനെ 'റാവിസ്' എന്ന പേരില്‍ തുറക്കും. ഈ വര്‍ഷംതന്നെ ബാക്കി നഗരങ്ങളിലും പ്രവര്‍ത്തിച്ചു തുടങ്ങും. ഗോവയിലും രണ്ട് ഹോട്ടലുകള്‍ ഏറ്റെടുക്കുന്നു.

 

കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് മാത്രമല്ല, ഉത്തരേന്ത്യയില്‍നിന്നും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. വിദേശികളുടെയും ഉത്തരേന്ത്യക്കാരുടെയും 'വെഡ്ധിങ് ഡെസ്റ്റിനേഷന്‍' ആയും കേരളം മാറിയിട്ടുണ്ട്. ഇരുനൂറും മുന്നൂറും പേരാണ് വിവാഹങ്ങള്‍ക്കായി കൂട്ടത്തോടെ എത്തുന്നത്. മലയാളികളുടെ കല്യാണമാണെങ്കില്‍ രണ്ടായിരം പേരെങ്കിലും എത്തുന്നു. കോവളം, അഷ്ടമുടിക്കായല്‍ തുടങ്ങിയ നിരവധി മികച്ച സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തില്‍ നാല് പഞ്ചനക്ഷത്ര ഡീലക്‌സ് ഹോട്ടലുകളുണ്ട് ഗ്രൂപ്പിന്.

 

ഗള്‍ഫ് നാടുകളില്‍ മാത്രം ഇപ്പോള്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ ആര്‍.പി. ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. ഓയില്‍, ഗ്യാസ് സംരംഭങ്ങളിലാണ് ഇതിലേറെയും. ഇപ്പോള്‍ സൗദി അരാംകോയില്‍ ഞങ്ങള്‍ വലിയ നിക്ഷേപം നടത്തുന്നുണ്ട്. മറ്റിടങ്ങളിലും സമാനമായ ചില പദ്ധതികളുടെ ഭാഗമാവും. ജപ്പാനിലും ഈ രംഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. കൊറിയയില്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള സംരംഭമുണ്ട്. ദുബായ് മറീനയിലെ പുതിയ 'ക്രൗണ്‍ പ്‌ളാസ' ഹോട്ടല്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. ദുബായ് ഡൗണ്‍ ടൗണിലെ 50 നിലയില്‍ അപ്പാര്‍ട്ട്‌മെന്റുകളുള്ള ആര്‍.പി. ടവറും ഉടനെ തുറക്കും.

 

വ്യോമയാന രംഗത്തും നിക്ഷേപമുണ്ട്. കൂടുതല്‍ ലാഭം എവിടെയാണോ അവിടെ കൂടുതല്‍ നിക്ഷേപം ഇറക്കുക എന്നതാണ് ബിസിനസിലെ രഹസ്യം. ഹോസ്പിറ്റാലിറ്റി രംഗം അത്ര പെട്ടെന്ന് ലാഭം തന്നുവെന്ന് വരില്ല. പക്ഷേ, അത് നല്‍കുന്ന സന്തോഷവും സംതൃപ്തിയും വിലയേറിയതാണ്. പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ വൈകാതെ ഇപ്പോള്‍ ജോലിചെയ്യുന്ന ഒന്നര ലക്ഷം പേര്‍ എന്നത് രണ്ട് ലക്ഷത്തോളമായി വളരും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഇപ്പോള്‍ അയ്യായിരത്തോളം പേര്‍ ജോലി ചെയ്യുന്നു. ഒരാള്‍ക്ക് ജോലി നല്‍കുമ്പോള്‍ ചുരുങ്ങിയത് അഞ്ച് പേര്‍ക്കെങ്കിലും അതിന്റെ ഗുണം കിട്ടും. ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. മുപ്പത് വര്‍ഷം വരെയായി ഗ്രൂപ്പില്‍ ജോലി ചെയ്യുന്നവര്‍ ഇപ്പോഴുമുണ്ട്. കൂടുതല്‍ കാലം ജോലി ചെയ്യുമ്പോള്‍ സ്ഥാപനത്തോടുള്ള അവരുടെ അടുപ്പം കൂടും.

 

ഏതൊരു ബിസിനസ് സംരംഭം നോക്കാനും ഒരാള്‍ കൂടി ഉണ്ടാവണം. മകന്‍ ഗണേഷ് ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സിന്റെ മേല്‍നോട്ടം വഹിക്കുകയാണിപ്പോള്‍. മകള്‍ ഡോ. ആരതി മെഡിസിനില്‍ എം.ഡി. ബിരുദം നേടിക്കഴിഞ്ഞു. ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റല്‍ സംരംഭങ്ങളാണ് മകള്‍ ഏറ്റെടുത്തിരിക്കുന്നത്. നല്ല രീതിയില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നത് സന്തോഷം നല്‍കുന്നുണ്ട്.

 

പ്രളയത്തില്‍ കഷ്ടപ്പെട്ടവരെ സഹായിക്കാനായി കേരള സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. ഇതിനു പുറമെ, ഈ വര്‍ഷം 200 പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കും. സര്‍ക്കാര്‍ ഇതിനുള്ള ഭൂമി തന്നാല്‍ പ്രവര്‍ത്തനം എളുപ്പത്തിലാവും. ഇത്തവണ 110 നിര്‍ധന യുവതികള്‍ക്കായി സമൂഹ വിവാഹവും നടത്തണം. കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ അവരെയും ഉള്‍പ്പെടുത്തും. ഇങ്ങനെ വിവാഹം ചെയ്യുന്നവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഗ്രൂപ്പില്‍ ജോലിയും നല്‍കുമെന്നും രവി പിള്ള പറഞ്ഞു.