Saturday 24 September 2022




പരിഹാസത്തിന് ഫുള്‍സ്റ്റോപ്പ് : സ്വര്‍ണക്കണ്ണ് സ്വന്തമാക്കി ഡാനി വിന്റോ

By priya.01 Aug, 2022

imran-azhar

 

ലിവര്‍പൂളിലെ ബാര്‍ ജീവനക്കാരി സ്വര്‍ണക്കണ്ണ് സ്വന്തമാക്കി.റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഒരു കണ്ണ് നഷ്ടമായ 25-കാരിയായ ഡാനി വിന്റോയാണ് സ്വര്‍ണക്കണ്ണ് സ്വന്തമാക്കിയത്.അര്‍ബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ വലതു കണ്ണ് നീക്കം ചെയ്തു.പകരം കൃത്രിമ കണ്ണു വച്ചു.


കുട്ടിക്കാലത്ത് സ്‌കൂളിലെ സഹപാഠികളാണ് ഡാനിയെ ആദ്യം കളിക്കായത്. എന്നാല്‍ ബാറില്‍ ജോലി ലഭിച്ചെങ്കിലും പരിഹാസം തുടര്‍ന്നു. ചെറിയ കുട്ടികളുടെ പരിഹാസത്തേക്കാള്‍ ക്രൂരമായിരുന്നു മുതിര്‍ന്നവരുടെ കുത്തുവാക്കുകളെന്ന് ഡാനി പറയുന്നു.

 

ബാറില്‍ പല തരത്തിലും അപമാനിതയാകേണ്ടി വന്നു. മദ്യം ഒഴിച്ചുകൊടുക്കുമ്പോള്‍ ചിലര്‍ 'നീ എന്നെയാണോ നോക്കുന്നത് അതോ എന്റെ പിന്നില്‍ നില്‍ക്കുന്ന ആളെയാണോ? എന്ന് ചോദിക്കും. മറ്റൊരിക്കല്‍ ഒരാള്‍ 20 പൗണ്ട് ടിപ്പ് ആയി തന്നിട്ട് പറഞ്ഞു,'നീ പോയി നിന്റെ ചത്ത കണ്ണ് ശരിയാക്കിയിട്ട് വാ' എന്ന്. ആ പണമെല്ലാം താന്‍ സൂക്ഷിച്ചുവെച്ചുവെന്നും അതുപയോഗിച്ച് സ്വര്‍ണക്കണ്ണ് സ്വന്തമാക്കുകയായിരുനെന്നും ഡാനി കൂട്ടിച്ചേര്‍ക്കുന്നു.

 


നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഐ സര്‍വീസില്‍ നിന്നാണ് ഡാനി സ്വര്‍ണംകൊണ്ടുള്ള കണ്ണ് വാങ്ങിയത്. ഈ കൃത്രിമക്കണ്ണിലെ കൃഷ്മണിയാണ് സ്വര്‍ണംകൊണ്ടുണ്ടാക്കിയത്.162 പൗണ്ട് ആണ് (15,623 ഇന്ത്യന്‍ രൂപ) കണ്ണിന് വേണ്ടി ചെലവാക്കിയത്.

 

ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആളുകളുടെ കുത്തുവാക്കുകള്‍ കുറഞ്ഞെന്നും ഡാനി പറയുന്നു. തന്റെ തീരുമാനത്തില്‍ കാമുകനും മാതാപിതാക്കളും സന്തോഷവാന്‍മാരാണെന്നും ഡാനി കൂട്ടിച്ചേര്‍ക്കുന്നു.

 

സ്വര്‍ണക്കണ്ണ് വെച്ചശേഷമുള്ള നിരവധി ചിത്രങ്ങള്‍ ഡാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഡാനി വിത്ത് വണ്‍ ഐ' എന്നാണ് ഇവര്‍ ഇന്‍സ്റ്റാ ബയോയായി കൊടുത്തിരിക്കുന്നത്.