By online desk .10 Apr, 2020
കോവിഡ് ലോക്ക്ഡൗണ്‍ കാലം ഗാര്‍ഹിക അതിക്രമങ്ങളുടേതു കൂടിയാണെന്നാണ് ദേശീയ സംസ്ഥാന വനിതാകമ്മിഷനുകളില് എത്തുന്ന പരാതികള്‍ നല്കുന്ന സൂചന. നിലവില്‍ ഇ-മെയില്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവുകളുള്ള സ്ത്രീകളാണ് പരാതി അയയ്ക്കുന്നത്. ഇതുപറയുമ്പോള്‍, ഇതൊന്നും ഉപയോഗിക്കാന്‍ അറിയാത്ത അതിക്രമം നേരിടുന്ന സ്ത്രീകളുടെ എണ്ണം എത്രയാണെന്നു കൂടി ഊഹിക്കണം. യഥാര്‍ത്ഥത്തില്‍, നമ്മള് മഞ്ഞുമലയുടെ അഗ്രം മാത്രമാണ് കാണുന്നത്. അതുപോലും കാണുന്നുണ്ടോ എന്നു സംശയമുണ്ട്. ചൈനയില്‍, ലോക്ക്ഡൗണിനു ശേഷം വിവാഹമോചനത്തിനുള്ള അപേക്ഷകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്താണിതിനു കാരണം? വ്യക്തിപരമായി അറിയാവുന്ന ഒരു സംഭവം പറയാം. നര്‍ത്തകിയായ ഒരു പെണ്‍കുട്ടിയുടെ സ്നേഹം പിടിച്ചുപറ്റാനായി ഭരതമുനിയുടെ നാട്യശാസ്ത്രം പഠിച്ച ഒരു ചെറുപ്പക്കാരനെ എനിക്കറിയാം. തൊണ്ണൂറുകളുടെ ആദ്യമാണെന്നോര്ക്കണം. പ്രണയിനിക്കു വേണ്ടി ഇത്രയും കഠിനമായൊരു ദൗത്യം ഏറ്റെടുക്കുന്നവര്‍, എന്തുകൊണ്ട് പങ്കാളിയുടെ കാര്യത്തില്‍ മറിച്ചൊരു സമീപനം സ്വീകരിക്കുന്നു എന്നു ചിന്തിക്കണം. പങ്കാളികളിള് സ്വയം ചോദിക്കേണ്ടതാണിത്. അങ്ങനെ ചെയ്താല്‍ മാത്രമേ, ഈ കെട്ടകാലത്തിലും ചില നല്ല ഓര്‍മ്മകള്‍ അവശേഷിക്കുകയുള്ളൂ.
കാരണങ്ങള്‍ പലത്
പങ്കാളിയില്‍ നിന്നുള്ള അതിക്രമത്തിനു പിന്നില്‍ പല കാരണങ്ങളുണ്ട്. വ്യക്തിത്വപ്രശ്നങ്ങള്‍, ലഹരി ഉപയോഗം, സംശയരോഗം പോലെയുള്ള മറ്റു മാനസികപ്രശ്നങ്ങള്‍ എന്നിവയെല്ലാം സ്ത്രീകളോടുള്ള അതിക്രമങ്ങളിലേക്കു നയിക്കാം. ഇതില്‍ നിന്നു വ്യത്യസ്തമാണ് ലോക്ക്ഡൗണ്‍ കാലത്തെ അതിക്രമങ്ങള്‍. നേരത്തെ തന്നെ സമൂഹത്തിലെ നിശ്ചിത ശതമാനം പങ്കാളികളില്‍ ഇത്തരം പ്രശ്നങ്ങളുണ്ട്. പങ്കാളികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, ഒരാള്‍ വീടിനു പുറത്തേക്കുപോകുന്നത് പതിവാണ്. താഴിലിന്റെ ഭാഗമായി കുറച്ചുസമയം ഇവര്‍ക്കു വീടിനു പുറത്ത് മാറി നില്‍ക്കാനും സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ, നേരത്തെ ഉണ്ടായിരുന്ന പൊരുത്തക്കേടുകളും പ്രശ്നങ്ങളും അധികരിക്കാനുള്ള സാധ്യതയുണ്ട്.
ഉര്‍വ്വശീശാപം ഉപകാരമാക്കാം
ലോക്ക്ഡൗണില്‍ പങ്കാളികള്‍ ഗുണപരമായി സമയം ചെലവഴിക്കാന്‍ സാധിച്ചാല്‍ എത്ര നല്ലതാണ്. ഉര്‍വ്വശീശാപം ഉപകാരമായി ഭവിക്കുകയും, പങ്കാളികളില്‍ ഗുണപരമായ മാറ്റം ഉണ്ടാകുന്നതായും ചിന്തിച്ചുനോക്കൂ. തിരക്കുകള്‍ മൂലം വീട്ടില്‍ ഒരുമിച്ച് അധികം സമയം ചെലവഴിക്കാന്‍ സാധിക്കാത്തവര്‍ക്ക്, ഇപ്പോള്‍ അതിനു സാധിക്കുന്നുണ്ട്. ഈ ഗുണപരമായ മാറ്റവും കാണാതിരുന്നു കൂടാ. വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കേണ്ട ദമ്പതികളായിരുന്നു അവരെങ്കില്‍ ജീവിതത്തിലെ അനുഗ്രഹമായിട്ടും നല്ല കാലമായും കരുതുമായിരുന്നു. പങ്കാളികള്‍ക്കും ലോക്കഡൗണ്‍ മധുവിധുകാലമായി കരുതി ജീവിതത്തില്‍ പ്രണയം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാലോ!
പഴയ സംഘര്‍ഷം, പുതിയ രൂപത്തില്‍
നേരത്തെ പ്രശ്നങ്ങളുള്ളവര്‍ ഒരുമിച്ചിരിക്കുമ്പോഴുള്ള സംഘര്‍ഷവും അതിക്രമങ്ങള്‍ക്കു പിന്നിലുണ്ട്. സ്വാഭാവികമായും ആശയവിനിമയത്തിന്റെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഗണിക്കണം. മാനസിക രോഗികള്‍ ഉള്പ്പെടെയുള്ളവരിലെ പ്രശ്നമാണ് പ്രകടിപ്പിക്കുന്ന വികാരം (എക്സ്പ്രസ് ഇമോഷന്). ഉ•ാദ വിഷാദ രോഗം ഉള്‍പ്പെടെയുള്ള തീവ്രമനോരോഗങ്ങളുള്ള വ്യക്തിയെ കുറ്റപ്പെടുത്തുക, അടിസ്ഥാനരഹിതമായി വിമര്‍ശിക്കുക തുടങ്ങി രൂക്ഷമായി നോക്കുന്നു എന്ന തോന്നല്‍ പോലും, അത് യാഥാര്‍ത്ഥ്യമാകണമെന്നില്ല, ഇരില്‍ പ്രശ്നമാകാം. കൂടുതല്‍ സമയം ഒന്നിച്ചിരുന്നാല്‍ പോലും നേരത്തെ പ്രശ്നമുള്ളവര്‍ കുഴപ്പത്തിലാവും.
ശ്രദ്ധിക്കണം, മൂന്നുകാലുകള്‍
കുടുംബജീവിതം, തൊഴില്‍ജീവിതം, സാമൂഹ്യ ജീവിതം എന്നിവ വ്യക്തിയുടെ മൂന്നുകാലുകളാണെന്നു പറയാം. ഇവയാണ് വ്യക്തികളെ താങ്ങിനിര്‍ത്തുന്നത്. ഇതില്‍ തൊഴില്‍ജീവിതവും സാമൂഹികജീവിതവും ഏതാണ്ട് ഇല്ലാതായി. ഇതും സംഘര്‍ഷങ്ങളിലേക്കും അതിക്രമങ്ങളിലേക്കും കടക്കാന്‍ ഇടയാക്കും.
പരിഹാരം ഇങ്ങനെ?
* വൈകാരിക വിക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. റിലാക്സേഷന് ടെക്നിക്കുകള്‍ പോലും സമ്മര്‍ദ്ദത്തില്‍ നിന്ന് ശ്രദ്ധ മറ്റൊന്നിലേക്കു മാറ്റുന്നതാണ്. സ്വാഭാവികമായും അസ്വസ്ഥതകളുള്ള കുടുംബത്തില്‍ പങ്കാളികളിലൊരാള്‍ മാറി നിന്നാല്‍ കുറച്ചൊക്കെ വ്യത്യാസം ഉണ്ടാകും. ഇപ്പോള്‍ അതിനു സാധിക്കാത്ത സാഹചര്യമാണ്. അതിനാല്‍, കാര്യങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം.
* ഈ കാലഘട്ടം കടന്ന് എത്ര പേര് പുറത്തുവരും എന്നുപോലും ആര്‍ക്കും അറിയില്ല. അതിനാല്‍, വ്യക്തി എന്ന നിലയില്‍ എല്ലാവരും ആദ്യം ചെയ്യേണ്ടത് സ്വന്തം സുരക്ഷ ഉറപ്പുവരുത്തുകയാണ്. പിന്നീട് തനിക്കുചുറ്റിലും ഉള്ളവരുടെ സുരക്ഷ. അതില്‍ സ്വന്തം കുടുംബവും ഉണ്ട്. ഈ അവബോധമാണ് ആദ്യം ഉണ്ടാകേണ്ടത്.
* കുടുംബാംഗങ്ങള്‍ക്കിടയില്‍ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനായി ഒരുമിച്ച് വ്യായാമം, പാചകം എന്നിവ ചെയ്യാം. കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്ന സന്ദര്‍ഭങ്ങള്‍ കൂട്ടുക.
* കാമുകിക്കൊപ്പം ചെലവഴിക്കുന്ന സമയം കുറവായിട്ടുതോന്നും. എന്നാല്‍, ഭാര്യക്കൊപ്പം അങ്ങനെയല്ല. ജീവിതപങ്കാളിയെ പ്രണയിനിയായി കരുതിയാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
* ഏതൊരാള്‍ക്കും ഒരു വ്യക്തിജീവിതം ഉണ്ട്. സ്വന്തം ഇഷ്ടാനിഷ്ടങ്ങളുണ്ട്. ഭര്‍ത്താവിന് ഫുട്ബോളും ഭാര്യക്ക് സംഗീതവും ഇഷ്ടമാണെങ്കില്‍, സംഗീതം ഇഷ്ടപ്പെടുന്ന ഭാര്യയുടെ ഇഷ്ടത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്താല്‍ പ്രശ്നം തീരും. തിരിച്ച് ഭാര്യയുടെ ഭാഗത്തുനിന്നും ഇത്തരമൊരു സമീപനമാണ് വേണ്ടത്.
* കെട്ടകാലത്തെ ജീവിതത്തിലെ എന്നും ഓര്‍ക്കുന്ന ഏറ്റവും നല്ല കാലമായി മാറ്റാം.
* വിവാഹ ജീവിതത്തിന്റെ ആദ്യകാലത്തേക്കു ഒരു തിരിഞ്ഞുനോട്ടം നടത്താം. അന്ന് പ്രണയത്തോടെ ജീവിച്ചവരാണല്ലോ ഇന്ന് ഇങ്ങനെയായത്. അത് എന്തു കൊണ്ടാണെന്നു സ്വയം മനസ്സിലാക്കുക.
* സ്വയം മനസ്സിലാക്കുകയും കുടുംബത്തെയും സമൂഹത്തെയും മനസ്സിലാക്കുകയും ലോക്ക് ഡൗണ്‍ കാലം കഴിയുമ്പോള്‍ നല്ലൊരു സാമൂഹ്യജീവിയായി വളരുകയും ചെയ്യാം.
( തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആര്‍എംഒ ആണ് ലേഖകന്‍)