Saturday 23 March 2019


പെണ്‍പട നയിച്ച് ശ്രീമതി; കുലുക്കമില്ലാതെ സുധാകരന്‍

By online desk.16 Mar, 2019

imran-azhar

 

 

തിരിച്ചു പിടിക്കാനും നിലനിര്‍ത്താനുമുള്ള പോരാട്ടം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. 2104ല്‍ കെ.സുധാകരനില്‍ നിന്ന് കണ്ണൂര്‍ തിരിച്ചു പിടിച്ച പി.കെ.ശ്രീമതിയെ തന്നെ സി.പി.എം വീണ്ടും രംഗത്തിറക്കുമ്പോള്‍ കണ്ണൂര്‍ സീറ്റ് വീണ്ടെടുുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കെ.സുധാകരനെയാണ്. സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച കെ.സുധാകരന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ശ്രീമതി എം.പിയെന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനസര്‍ക്കാറിന്റെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിച്ചാണ് ഇടതുമുന്നണി പ്രചരണ രംഗത്ത് സജീവമാകുന്നത്. കഴിഞ്ഞ ദിവസം ശ്രീമതിക്ക് വേണ്ടി സംഘടിപ്പിച്ച വനിത പാര്‍ലമെന്റിലെ സ്ത്രീ പങ്കാളിത്തം അമ്പരപ്പിക്കുന്നതായിരുന്നു. ഈ സംഗമത്തെ അഭിസംബോധന ചെയ്ത വൃന്ദാ കാരാട്ട് ശ്രീമതിയുടെ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും കണ്ട് സുധാകരന്‍ കുലുങ്ങുന്നില്ല. മുന്‍പ് എം.പിയെന്ന നിലയില്‍ കണ്ണൂരില്‍ നടത്തിയ ഇടപെടലുകള്‍ പറഞ്ഞ് വോട്ടുറപ്പിക്കാനാണ് കെ.സുധാകരന്‍ ശ്രമിക്കുന്നത്.

 

2009ലെ മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ കൂത്തുപറമ്പ്, വടക്കേ വയനാട്, മണ്ഡലപുനര്‍ നിര്‍ണ്ണയത്തില്‍ ഇല്ലാതായ എടക്കാട് എന്നിവയ്ക്ക് പകരം ധര്‍മ്മടം, മട്ടന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് ഇന്നത്തെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം. ഇവയ്ക്ക് പുറമെ കണ്ണൂര്‍, ഇരിക്കൂര്‍, അഴീക്കോട്, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ കൂടി ചേരുന്നതാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം. കണ്ണൂരില്‍ ഇടതുപക്ഷത്തിന് വിശേഷിച്ച് സി.പി.എമ്മിനുള്ള കരുത്ത് അതേപടി പ്രകടമാകുന്ന ലോക്സഭാ മണ്ഡലമല്ല കണ്ണൂര്‍. പരമ്പരാഗതമായി യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളും യു.ഡി.എഫിന് സ്വാധീനമുള്ള അഴീക്കോട് മണ്ഡലവുമാണ് കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ജ്വലിപ്പിച്ച് നിര്‍ത്തുന്നത്. ഇതിന് മുമ്പ് നടന്ന 12 തിരഞ്ഞെടുപ്പുകളില്‍ ഏഴു തവണ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഒരു തവണ ഇവിടെ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.ഐ സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്. 1951ല്‍ എ.കെ.ഗോപാലനാണ് ഇവിടെ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് സംസ്ഥാന രൂപീകരണത്തിന് ശേഷം മണ്ഡല പുനര്‍ നിര്‍ണ്ണയത്തിലൂടെ 1977ലാണ് കണ്ണൂര്‍ ലോക്സഭ മണ്ഡലം വീണ്ടും നിലവില്‍ വന്നത്. സി.കെ.ചന്ദ്രപ്പനായിരുന്നു 1997ല്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പന്നീട് 1980ല്‍ ഇടതുപിന്തുണയോടെ ദേവരാജ് അരസിന്റെ പാര്‍ട്ടിയുടെ ഭാഗമായിരുന്ന കെ.കുഞ്ഞമ്പു കണ്ണൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുതവണ കണ്ണൂരില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ ആറാമങ്കത്തില്‍ വീഴ്ത്തിയ അബ്ദുള്ളക്കുട്ടിയാണ് കേരള രൂപീകരണത്തിന് ശേഷം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്ന ആദ്യ സി.പി.എം സ്ഥാനാര്‍ത്ഥി. തുടര്‍ച്ചയായ രണ്ട് ടേം കണ്ണൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു അബ്ദുള്ളക്കുട്ടി.

 

2009ല്‍ സി.പി.എമ്മിലെ എ.എന്‍.ഷംസീറിനെ 43151 വോട്ടിന് കെ. സുധാകരന്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ 2014ല്‍ 6566 വോട്ടിന് പി.കെ.ശ്രീമതി കണ്ണൂരില്‍ സുധാകരനെ അട്ടിമറിച്ചു. ഇരിക്കൂര്‍ അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കെ.സുധാകരന്‍ നേടിയ ലീഡ് തളിപറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ മണ്ഡലങ്ങളിലെ ലീഡ് കൊണ്ട് മറികടന്നാണ് ശ്രീമതി കണ്ണൂരില്‍ നിന്ന് വിജയിച്ചത്. കഴിഞ്ഞനിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാലര്‍ലമെന്റ് മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ തളിപ്പറമ്പ്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ ഇടതുമുന്നണിയും ഇരിക്കൂര്‍, അഴീക്കോട്, പേരാവൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫുമാണ് വിജയിച്ചത്. 2016ല്‍ വിജയിച്ച നാലുനിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 1,22099 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. വിജയിച്ച മൂന്നു മണ്ഡലങ്ങളില്‍ നിന്നായി 19,923 വോട്ടിന്റെ ലീഡ് മാത്രമാണ് യു.ഡി.എഫിന് നേടാന്‍ സാധിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 1,02,176 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്കുള്ളത്. മണ്ഡലം തിരിച്ചു പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് കടുത്ത വെല്ലുവിളിയാകുന്നതും ഈ ഭൂരിപക്ഷമാണ്.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരിയില്‍ പുറത്തിറക്കിയ പട്ടിക പ്രകാരം 12,12678 വോട്ടര്‍മാരാണ് കണ്ണൂരിലുള്ളത്. 2014നെ അപേക്ഷിച്ച് 49,641 പുതിയ വോട്ടര്‍മാരാണ് കണ്ണൂരുള്ളത്. 2014ല്‍ 6,19,738 സ്ത്രീവോട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണയത് 6,42,633 ആയി വര്‍ദ്ധിച്ചു. പുരുഷ വോട്ടര്‍മാരുടെ എണ്ണം 5,43,299 ല്‍ നിന്ന് 5,70043 ആയി ഉയര്‍ന്നു. ഇത്തവണ രണ്ട് മൂന്നാം ലിംഗക്കാരും കണ്ണൂരില്‍ സമ്മിതിദാനം വിനിയോഗിക്കും. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം 1,92,699 വോട്ടര്‍മാരുള്ള തളിപ്പറമ്പാണ്. ഏറ്റവും കൂടുതല്‍ സ്ത്രീവോട്ടര്‍മാരുള്ളതും തളിപ്പറമ്പ് മണ്ഡലത്തിലാണ്. 1,03,253 സ്ത്രീ വോട്ടര്‍മാരാണ് തളിപ്പറമ്പിലുള്ളത്. ഏറ്റവും കൂടുതല്‍ പുരുഷവോട്ടര്‍മാര്‍ ഇരിക്കൂറാണ്, 89,609പേര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കണ്ണൂരാണ്, 1,58,593 വോട്ടര്‍മാര്‍. ഏറ്റവും കുറവ് പുരുഷ വോട്ടര്‍മാരും ഇവിടെയാണ് 72,665പേര്‍. ഏറ്റവും കുറവ് സ്ത്രീ വോട്ടര്‍മാരുള്ള മണ്ഡലം പേരാവൂരാണ്. 83,807 സ്ത്രീ വോട്ടര്‍മാരാണ് പേരാവൂരിലുള്ളത്. സ്ത്രീവോട്ടര്‍മാരും പുതിയ വോട്ടര്‍മാരും ഫലം നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പി.കെ.ശ്രീമതിയുടെ സ്ഥാനാര്‍ത്ഥിത്വം വിജയം നേടിത്തരുമെന്ന വിലയിരുത്തലിലാണ് ഇടതുനേതൃത്വം.

 

സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ മട്ടന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ പരമാവധി ഭൂരിപക്ഷം നേടാനുള്ള പ്രരണ പരിപാടികളാണ് ഇടതപക്ഷം ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മൂന്നു മണ്ഡലങ്ങളില്‍ നിന്നായി ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണി നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം, വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ മട്ടന്നൂര്‍, തുറമുഖ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കണ്ണൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഇവിടെ സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങളാവും ഇടതുപക്ഷം പ്രചരണത്തിനായി ഉപയോഗിക്കുക. സിറ്റിംഗ് എം.പി ശ്രീമതിയുടെ വികസന പദ്ധതികളും ഇടതുപക്ഷം പ്രചരണമാക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്വാധീനകേന്ദ്രങ്ങളായി ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള തന്ത്രവും സി.പി.എം ആസൂത്രണം ചെയ്യുന്നു.

 

കൊലപാതക രാഷ്ട്രീയമെന്ന ആക്ഷേപത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന തന്ത്രങ്ങളാവും യു.ഡി.എഫ് പയറ്റുക. സുധാകരന്റെ അനുയായിയായ ഷുഹൈബിന്റെ കൊലപാതകവും കണ്ണൂരില്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുമെന്ന് തീര്‍ച്ചയാണ്. ശബരിമല അയ്യപ്പനെ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വിശ്വാസികള്‍ക്കൊപ്പമെന്ന സുധാകരന്റെ നിലപാടിനെ വോട്ടാക്കി മാറ്റാനുള്ള ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് വ്യക്തമാണ്. ബി.ജെ.പി അനുഭാവികളുടെ വോട്ടുകള്‍ കൂടി ഈ വിധത്തില്‍ ധ്രുവീകരിക്കപ്പെട്ടേക്കാമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. എന്തായാലും തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഇരിക്കൂര്‍, പേരാവൂര്‍ സ്വാധീന കേന്ദ്രങ്ങളായ കണ്ണൂര്‍, അഴീക്കോട് മണ്ഡലത്തില്‍ നിന്ന് പരമാവധി ഭൂരിപക്ഷം നേടി സുധാകരന്റെ വിജയം ഉറപ്പിക്കാനുള്ള തന്ത്രമാണ് യു.ഡി.എഫ് പറ്റുന്നത്. 

 

താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാണെങ്കിലും ശക്തിക്കനുസിച്ച് ബി.ജെ.പിക്ക് വോട്ടുസമാഹരിക്കാന്‍ കഴിയാത്ത മണ്ഡലമാണ് കണ്ണൂര്‍. 51,636 വോട്ടുകളാണ് 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കണ്ണൂരില്‍ നേടാന്‍ സാധിച്ചത്. 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴുനിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 89,343 വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. ഇതില്‍ പേരാവൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസിനും സ്വാധീനമുണ്ട്. സുധാകരന് ബി.ജെ.പി വോട്ടുമറി്ക്കുമെന്ന ആക്ഷേപം നിലനില്‍ക്കെ ഇത്തവണ കണ്ണൂരില്‍ നേടുന്ന വോട്ടുകള്‍ ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.