Tuesday 19 March 2024




കര്‍ണാടകത്തില്‍ രാഹുലിന്റെ വിജയതന്ത്രം

By Online Desk .02 Jan, 2019

imran-azhar

 

 

ബംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലറുമായി സമവായത്തിലെത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നീക്കം തുടങ്ങി. ലോകസ്ഭ തിരഞ്ഞെടുപ്പ് പടിക്കലെത്തി നില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ് പുതിയ അടവുകള്‍ പയറ്റുന്നത്. ജെഡിഎസ് കൂടുതല്‍ ലോക്സഭാ സീറ്റില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസിനെ അറിയിച്ചതാണ് രാഹുലിന് പുതിയ വെല്ലുവിളിയായിരിക്കുന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിക്കുമ്പോള്‍ തയ്യാറാക്കിയ രൂപരേഖയ്ക്ക് വിരുദ്ധമാണ് ജെഡിഎസിന്റെ പുതിയ നിലപാടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ജെഡിഎസുമായി സമവായത്തിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വളഞ്ഞ വഴി തേടിയിരിക്കുകയാണ്. ദൗത്യത്തിനിയാ മറ്റു പാര്‍ട്ടികളിലെ പ്രമുഖ നേതാക്കന്‍മാരുടെ സഹായവും തേടുന്നുണ്ട്. 

 

കര്‍ണാടകയില്‍ 28 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 12 സീറ്റില്‍ മത്സരിക്കണമെന്നാണ് ജെഡിഎസിന്റെ ആവശ്യം. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും തനിച്ച് മത്സരിക്കാമെന്നാണ് ജെഡിഎസിന്റെ നിലപാട്. ഇത് സഖ്യത്തില്‍ വിള്ളലുണ്ടാക്കുമെന്ന്് കോണ്‍ഗ്രസ് പറയുന്നു. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് മൂന്ന് ദേശീയ നേതാക്കളെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരെയാണ് രാഹുല്‍ ഗാന്ധി വിഷയം ഏല്‍പ്പിച്ചിട്ടുള്ളത്.
പ്രാദേശിക പാര്‍ട്ടികളുമായി സഖ്യസാധ്യതകള്‍ നിലവില്‍ ചര്‍ച്ച ചെയ്യുന്നത് ചന്ദ്രബാബു നായിഡുവാണ്. മൂന്ന് നേതാക്കളും അടുത്തയാഴ്ച സുപ്രധാന യോഗം ചേരുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സഖ്യത്തിലുണ്ടാകാന്‍ സാധ്യതയുള്ള കക്ഷികളെ കുറിച്ചും സീറ്റ് വിഭജനം സംബന്ധിച്ചും രൂപമുണ്ടാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.


ഈ യോഗത്തിന് മുമ്പ് ജെഡിഎസ് നേതാക്കളുമായി മൂന്ന് നേതാക്കളും ചര്‍ച്ച നടത്തും. പ്രാദേശിക കക്ഷികള്‍ക്ക് അവര്‍ക്ക് അര്‍ഹിച്ച സീറ്റുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് ടിഡിപി വക്താവ് കമ്പംപട്ടി റാംമോഹന്‍ റാവു പറഞ്ഞു. രൂപരേഖ തയ്യാറാക്കും മുമ്പ് എല്ലാ പ്രതിസന്ധികളും പരിഹകിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പദവികളും കോണ്‍ഗ്രസിനു രണ്ടും ജെഡിഎസിന് ഒന്നും എന്ന അനുപാതത്തില്‍ പങ്കുവെയ്ക്കണം എന്നായിരുന്നു കര്‍ണാടകയില്‍ സഖ്യമുണ്ടാക്കുന്ന വേളയില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലുണ്ടായിരുന്ന ധാരണ. എന്നാല്‍ ജെഡിഎസിന്റെ പുതിയ ആവശ്യം ഈ ധാരണയ്ക്ക് എതിരാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.


കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ ജെഡിഎസിന് 10 സീറ്റിനാണ് അര്‍ഹത. ബാക്കി സീറ്റുകള്‍ കോണ്‍ഗ്രസിനാണ് മുന്‍ ധാരണ പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍ 12 സീറ്റ് വേണമെന്ന് ജെഡിഎസ് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ സഖ്യം വേണ്ടെന്നും തനിച്ച് മത്സരിക്കാമെന്നും ജെഡിഎസ് പറയുന്നു. കോണ്‍ഗ്രസുമായി സൗഹൃദമത്സരത്തിന് തങ്ങള്‍ ഒരുക്കമാണെന്ന് കഴിഞ്ഞദിവസം ജെഡിഎസ് നേതാവ് ദേവഗൗഡ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ജെഡിഎസ് പ്രവര്‍ത്തകരുടെ ആവശ്യം മാനിക്കണം. ജനുവരി എട്ടിന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും. അതിന് ശേഷം പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും. എല്ലാ പ്രശ്നങ്ങളും അവിടെ അവസാനിക്കുമെന്ന് ഗൗഡ പറഞ്ഞു. കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന ചില സീറ്റുകളാണ് ജെഡിഎസ് നോട്ടമിട്ടിരിക്കുന്നത്. തങ്ങളുടെ കൈവശമുള്ള സീറ്റുകള്‍ ഒരിക്കലും കൈമാറില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ചിക്കബല്ലുപുര മണ്ഡലത്തില്‍ നിന്ന് ബന്ധുവിനെ മത്സരിപ്പിക്കാനാണ് ഗൗഡയുടെ ആലോചന. ഇത് വീരപ്പ മൊയ്ലിയുടെ മണ്ഡലമാണ്. തുമക്കുരു മണ്ഡലവും ജെഡിഎസ് ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണിത്. വിഷയം ഹൈക്കമാന്റ് ചര്‍ച്ച ചെയ്ത് ന്യായമെങ്കില്‍ പരിഗണിക്കുമെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നത്.