Wednesday 22 May 2019


എം സുകുമാരന്‍ കഥാവശേഷനായിട്ട് ഇന്ന് ഒരാണ്ട്

By online desk.16 Mar, 2019

imran-azhar

 

 

തിരുവനന്തപുരം : രാഷ്ടീയ ആധുനികതയെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ എം.സുകുമാരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്. എഴുത്തും ജീവിതവും രാഷ്ട്രീയ പ്രവത്തനമാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്ന സര്‍ഗജീവിതമാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16ന് നിലച്ചത്. മൂര്‍ച്ചയേറിയ ചിന്തകളാല്‍ ഒരു തലമുറയെ പ്രചോദിപ്പിച്ച കഥാകാരനായിരുന്നു അദ്ദേഹം. പട്ടത്തുവിള കരുണാകരനു ശേഷം തന്റെ കഥാപ്രപഞ്ചത്തില്‍ രാഷ്ട്രീയ സാധ്യതയുടെ അന്തര്‍ധാരകളെ അന്വേഷിച്ച എഴുത്തുകാരന്‍. പ്രതിജ്ഞാബദ്ധ രാഷ്ട്രിയത്തിലൂന്നിയുളള ആ ആഖ്യാന പാടവമാണ് എം സുകുമാരന്‍ എന്ന എഴുത്തുകാരനെ വേറിട്ട് നിര്‍ത്തിയത്. നീണ്ട കാലത്തെ സാഹിത്യജീവിതത്തില്‍ 50 ചെറുകഥകളും മൂന്ന് നോവലുകളും മാത്രമാണ് പുറത്തുവന്നത്. കൃതികളുടെ എണ്ണത്തിലല്ല പ്രമേയം മുന്നോട്ട് വയ്ക്കുന്ന ദര്‍ശനത്തിലാണ് ഔന്നത്യമെന്ന് ആ കൃതികളോരോന്നും സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര,കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു പ്രസ്ഥാനത്തിനും അടിയറവയ്ക്കാതെ നൈതിക ജാഗ്രതയോടെ ആവിഷ്‌കരിച്ചു.പ്രതിലോമ രാഷ്ട്രീയത്തിനെതിരെ കര്‍മനിരതമായ തപസായിരുന്നു ആ എഴുത്തുജീവിതം. എഴുത്തില്‍ മാത്രമല്ല ജീവിത്തിലും സര്‍ഗാത്മഗതയുണ്ടെന്ന് അടയാളപ്പെടുത്തി ഇടയ്ക്ക് നീണ്ടു പോയ മൗനത്തിന്റെ വാല്‍മീകം.വിപ്ലവ പ്രസ്ഥാനത്തിന്റെ മൂല്യച്യുതി അനാവരണം ചെയ്ത ശേഷക്രിയ എന്ന നോവലിന്റെ പേരില്‍ സി.പി.എം അദ്ദേഹത്തെ പുറത്താകുകയുണ്ടായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തിന് തിരുവനനതപുരം എ.ജിസ് ഓഫീസിലെ ജോലി നഷ്ടപ്പെടുന്നത്. എല്ലാം അക്ഷോഭ്യനായി നേരിട്ടു.ശേഷക്രിയയുടെ തുടര്‍ച്ചയെന്നോണം ടി.പി രാജീവന്‍ രചിച്ച ക്രിയാശേഷം നോവല്‍ കഴിഞ്ഞ വര്‍ഷം പുറത്തുവരികയുണ്ടായി. എം സുകുമാരന്‍ എന്ന കഥാകാരന്‍ ജനപ്രിയനല്ലെന്നത് നേര്, എന്നാല്‍ അദ്ദേഹത്തിന്റെ വായനക്കാര്‍ മൗലികതയുളള വായനക്കാരാണെതാണ് സത്യം. കാതലുളള രചനയുടെ നേര്‍സാക്ഷ്യമെന്നോണം.