Tuesday 20 August 2019




വീല്‍ചെയറിലായ അമ്മയെ രക്ഷിക്കുന്നതിനിടെ ആളിപ്പടരുന്ന തീയില്‍ വെന്തുരുകി നളിനിയമ്മയുടെ മക്കള്‍

By anju.12 Feb, 2019

imran-azhar

 


കൊച്ചി: സെന്‍ട്രല്‍ ഡല്‍ഹിയിലെ കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ചോറ്റാനിക്കര സ്വദേശികളായ മൂന്നു മലയാളികള്‍ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത്ത് കരളലിയിക്കുന്ന വിവരങ്ങള്‍. വീല്‍ചെയറിലായ അമ്മ നളിനിയെ രക്ഷപെടുത്തുന്നതിനിടയിലാണ് മക്കളായ വിദ്യാസാഗറും ജയശ്രീയും അമ്മക്കൊപ്പം തീയില്‍ വെന്തുരുകി വെണ്ണീറായത്.നളിനിയുടെ സഹോദരി പേരക്കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത ഇവര്‍ 14ന് നാട്ടിലേയ്ക്കു തിരിക്കാനായിരുന്നു പദ്ധതി.

 

മരിച്ച മൂന്നു പേര്‍ക്കു പുറമേ വിദ്യസാഗറിന്റെ ഭാര്യ മാധുരി, മകന്‍ വിഷ്ണു, മൂത്തമകന്‍ സോമശേഖരന്‍, ഭാര്യ ബീന, മകള്‍ സുധ, ഭര്‍ത്താവ് സുരേന്ദ്രന്‍, ജയശ്രീയുടെ മക്കളായ ഹരിഗോവിന്ദ്, ഗൗരിശങ്കര്‍, കുടുംബാംഗമായ സരസ്വതി എന്നിവരാണു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. മരിച്ച മൂന്നു മലയാളികളുടെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു.


പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിന്റെ നാലാ നിലയിലായിരുന്നു ആദ്യം തീപിടുത്തമുണ്ടായത്. ഇത് പിന്നീട് രണ്ടാം നില വരെ പടര്‍ന്ന് പിടിക്കുകയായിരുന്നു.

 

അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.