Saturday 06 June 2020




പൈലറ്റായി വേഷം കെട്ടിയ ആള്‍ അറസ്റ്റില്‍

By online desk.20 Nov, 2019

imran-azhar

 

 

ന്യൂഡല്‍ഹി: പൈലറ്റായി വേഷംകെട്ടിയ ആള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അറസ്റ്റില്‍. രാജന്‍ മഹ്്ബൂബാനി (48) ആണ് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് സംഘത്തിന്റെ പിടിയിലായത്. പിടിയിലാകുമ്പോള്‍ പ്രതി എയര്‍ലൈന്‍ പൈലറ്റിന്റെ യൂണിഫോമിലായിരുന്നു. രണ്ടു വര്‍ഷമായി ജര്‍മ്മന്‍ എയര്‍ലൈന്‍സിന്റെ ക്യാപ്റ്റനായി ആള്‍മാറാട്ടം നടത്തി വരികയായിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകളും ഇതിനായി ഉണ്ടാക്കിയിരുന്നു. വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ നിന്നുള്ള ഇയാളുടെ വീഡിയോകള്‍ ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. വസന്ത് കുഞ്ചിലെ താമസക്കാരനായ മഹ്ബൂബാനി തുടക്കത്തില്‍ സ്വകാര്യ കമ്പനികളില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് സ്വന്തമായി കമ്പനി തുടങ്ങി പരിശീലനം നല്‍കിയിരുന്നതായി ഐജിഐ എയര്‍പോര്‍ട്ട് ഡിസിപി സഞ്ജയ് ഭാട്ടിയ പറഞ്ഞു.

 

തിങ്കളാഴ്ച കൊല്‍ക്കത്തയിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യൂണിഫോം ധരിച്ച്  പ്രതി ഫോട്ടോയെടുക്കുകയും യുട്യൂബ് വീഡിയോകള്‍ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍ ഉപയോഗിക്കുന്ന പാസേജില്‍ പ്രതി കയറുകയും പലതവണ വിവിധ സ്ഥലങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.