Saturday 24 September 2022




വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

By priya.22 Jul, 2022

imran-azhar

കോഴിക്കോട്:വടകര പൊലീസ് ഇന്നലെ രാത്രി വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു.കല്ലേരി സ്വദേശി സജീവന്‍ (42) ആണ് മരിച്ചത്.പൊലീസ് സജീവനെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് സജീവനെ വടകര ആശുപത്രിയില്‍ എത്തിച്ചത്.

 

 

സിഗ്‌നല്‍ കടക്കുന്നതിനിടെ സജീവന്റെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടായിരുന്നു.തര്‍ക്കമുണ്ടായതോടെയാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റഡിയിലെടുത്തത്.പൊലീസ് കസ്റ്റഡിയിലിക്കെ സജീവന്‍ കുഴഞ്ഞുവീണു.

 

 

പുലര്‍ച്ചെ 2.30ന് സ്റ്റേഷനില്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം സജീവന്‍ മരിച്ചു.

 

കുറേ നേരം സ്റ്റേഷനില്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന സജീവനെ പൊലീസുകാര്‍ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.
കസ്റ്റഡിയിലിരിക്കുന്ന സമയത്തല്ല സജീവന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും പൊലീസ് പറഞ്ഞു.

 

 

സ്റ്റേഷനില്‍ വെച്ച് നെഞ്ചുവേദനയുണ്ടെന്ന് സജീവന്‍ പറഞ്ഞിരുന്നു.പക്ഷേ അതൊന്നും കേള്‍ക്കാതെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.