Friday 27 May 2022




അതിര്‍ത്തിയില്‍ കാണാതായ 17കാരനെ ചൈന ഇന്ത്യന്‍ സൈന്യത്തിനു കൈമാറി

By Avani Chandra.27 Jan, 2022

imran-azhar

 

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്നും കാണാതായ 17കാരനെ ചൈന ഇന്ത്യന്‍ സൈന്യത്തിനു കൈമാറി. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വൈദ്യപരിശോധനയ്ക്കു ശേഷം യുവാവിനെ മാതാപിതാക്കള്‍ക്കൊപ്പം വിടുമെന്ന് മന്ത്രി അറിയിച്ചു.

 

ഒരാഴ്ച മുന്‍പാണ് അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസികളായ മിറം തരോണ്‍, ജോണി യായല്‍ എന്നിവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഔഷധസസ്യങ്ങള്‍ ശേഖരിക്കാനും വേട്ടയാടാനുമായി പോയവരാണിവര്‍. ഇതില്‍ ജോണി യായല്‍ തിരികെയെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.തുടര്‍ന്ന് ചൈനീസ് സൈന്യവുമായി ഹോട്ട് ലൈന്‍ വഴി പ്രതിരോധ മന്ത്രാലയം ആശയവിനിമയം നടത്തി.

 

യുവാവ് തങ്ങളുടെ പക്കല്‍ ഉണ്ടെന്നും വിട്ടു നല്‍കാമെന്നും ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യയെ അറിയിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ചയാണ് മിറമിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കിയത്.