Thursday 02 April 2020




മാനവീയം വീഥിയിൽ വാഹനങ്ങളുടെ മത്സരയോട്ടം, ജയിച്ചാൽ പണവും മദ്യവും; കണ്ണടച്ച് പോലീസും

By Sooraj Surendran .08 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടമെന്നറിയപ്പെടുന്ന മാനവീയം വീഥിയിൽ വാഹനങ്ങളുടെ മത്സരയോട്ടം തുടർക്കഥയാകുന്നു. പതിവായും രാത്രിയിൽ നടക്കുന്ന മത്സരയോട്ടങ്ങളിൽ വിജയിക്കുന്നവർക്ക് പണവും മദ്യവും. കാറുകളിലും, ബൈക്കുകളിലും സംഘങ്ങളായെത്തുന്ന ഇവരെ പലപ്പോഴും പിടികൂടാറുണ്ടെങ്കിലും ഉന്നത ഇടപെടലുകൾ മൂലം വിട്ടയക്കുകയാണ് പതിവെന്ന് പോലീസ് പറയുന്നു. മാനവീയം വീഥിയിൽ നിരീക്ഷണ ക്യാമറകൾ കൂടുതൽ സ്ഥാപിക്കണമെന്നും, പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.

 

ഇരുട്ടിന്റെ മറവിൽ ലഹരി സംഘങ്ങളും ഇവിടെ സജീവമാണെന്നതും വാസ്തവമാണ്. പോലീസിന്റെ ഒത്താശയോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. കവടിയാർ-വെള്ളയമ്പലം റോഡായിരുന്നു ഇക്കൂട്ടരുടെ പ്രധാന കേന്ദ്രം. എന്നാൽ ഇവിടെ നിരീക്ഷണ ക്യാമറകളും, സ്പീഡ് ഡിറ്റക്ഷൻ ക്യാമറകളും സ്ഥാപിച്ചതോടെ ഇവർ താത്കാലികമായി പിന്മാറുകയും, മാനവീയം വീഥി അടുത്ത കേന്ദ്രമാക്കുകയുമായിരുന്നു. ഉന്നതരുടെ മക്കളും സംഘത്തിൽ ഉള്ളതിനാൽ ഇവരെ സ്റ്റേഷനിലെത്തിക്കുന്നതിന് മുൻപ് തന്നെ വിളികളെത്തുന്നുവെന്നും പോലീസ് പറയുന്നു.