Friday 18 October 2019




മരട്; സമിതി നഷ്ടപരിഹാരം സംബന്ധിച്ച തെളിവെടുപ്പ് നടത്തിയേക്കും, ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ചു

By Online desk .10 Oct, 2019

imran-azhar

 

 

കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകളില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ പട്ടികയും ഉടമസ്ഥരേഖകളും സുപ്രീംകോടതി നിയോഗിച്ച സമിതി ഇന്നലെ പരിശോധിച്ചു. സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു സമിതിയുടെ ആദ്യ യോഗം. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, റിട്ട. ചീഫ് എന്‍ജിനീയര്‍ ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. നഷ്ടപരിഹാരത്തിന് അര്‍ഹരായ 241 ഫ്‌ളാറ്റ് ഉടമകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സമിതിക്ക് കൈമാറി. 241 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നഗരസഭ സര്‍ക്കാരിന് നല്‍കിയ പട്ടികയിലുണ്ട്. 135 ഫ്‌ളാറ്റുടമകള്‍ ഉടമസ്ഥാവകാശ രേഖയും 106 പേര്‍ വില്‍പ്പന കരാറും നഗരസഭയില്‍ ഹാജരാക്കിയിരുന്നു. 54 ഫ്‌ളാറ്റുകള്‍ നിര്‍മ്മാതാക്കളുടെ പേരില്‍ തന്നെയാണ്. വരും ദിവസങ്ങളില്‍ ഉടമകളേയും സമിതി വിളിച്ചുവരുത്തി നഷ്ടപരിഹാരം സംബന്ധിച്ച തെളിവെടുപ്പ് നടത്തിയേക്കും.


അതേ സമയം മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ചോദ്യം ചെയ്തു. അഷറഫ് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന കാലത്താണ് മരടില്‍ നാല് ഫളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്തിനുള്ള കമ്പനികളെ തിരഞ്ഞെടുക്കാനും തുടര്‍ നിര്‍ദ്ദേശം നല്‍കുന്നതിനുമായി ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഇന്നലെ വൈകിട്ട്് കൊച്ചിയില്‍ എത്തി. ഇന്ന് സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റുകള്‍ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാര്‍ നല്‍കാന്‍ ഷോര്‍ട് ലിസ്റ്റ് ചെയ്ത കമ്പനികളുമായി സര്‍വാതെ കൂടിക്കാഴ്ച്ച നടത്തും.