Friday 22 November 2019




മരട്: സന്ദീപ് മേത്തയ്ക്കായി റെയ്ഡ്

By Online Desk .18 Oct, 2019

imran-azhar

 

 

കൊച്ചി: സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ ഒന്നിന്റെ നിര്‍മ്മാതാക്കളായ ജെയ്ന്‍ ഹൗസിംഗ് ഉടമ സന്ദീപ് മേത്തയെ കണ്ടെത്താന്‍ ചെന്നൈയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. മേത്തയുടെ ചെന്നൈയിലെ ഓഫീസിലായിരുന്നു റെയ്ഡ്. സന്ദീപ് മേത്തയോട് തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് അന്വേഷണ സംഘം ചെന്നൈയിലെത്തിയത്. തുടര്‍ന്നായിരുന്നു റെയ്ഡ്. എന്നാല്‍ വിവരം അറിഞ്ഞ മേത്ത ചെന്നൈയില്‍ നിന്ന് കടന്നതായാണ് വിവരം. ഇയാള്‍ക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ് അടക്കമുള്ളവര്‍ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡിലാണ്.


മരടില്‍ ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുമെന്ന് ആല്‍ഫാ വെഞ്ച്വേഴ്സ് ഉടമ പോള്‍ രാജ് അറിയിച്ചിരുന്നവെങ്കിലും എത്തിയില്ല. ഹാജരാകാന്‍ സമയം വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോള്‍ രാജിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. അതിനിടെ, മരട് ഫ്ളാറ്റിലെ 143 അപേക്ഷകരില്‍ 58 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാര സമിതി യോഗത്തില്‍ തീരുമാനമായി. 85 അപേക്ഷകള്‍ ചൊവ്വാഴ്ച പരിഗണിക്കും.