Thursday 02 April 2020




ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 'മാസ് ക്ലീനിംഗ് ഡ്രൈവ്'

By online desk .26 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നഗരസഭ പരിധിയിലെ ദേശീയ-സംസ്ഥാനപാതയോരങ്ങള്‍ ശുചീകരിക്കാന്‍ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. ഇതിന്റെ നഗരസഭാതല ഉദ്ഘാടനം മേയര്‍ കെ. ശ്രീകുമാര്‍ കഴക്കൂട്ടം ജംഗ്ഷനില്‍ നിര്‍വ്വഹിച്ചു. വിഴിഞ്ഞം മുതല്‍ കഴക്കൂട്ടം വരെയും തമ്പാനൂര്‍ മുതല്‍ നേമം-പാപ്പനംകോട്-കരമന- മണ്ണന്തല- മരുതൂര്‍ വരെയുള്ള എം സി റോഡിന്റെ ഇരുവശങ്ങളും നഗരസഭയുടെ നേതൃത്വത്തില്‍ ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായി ശുചീകരിച്ചു. 900ത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. റോഡിന്റെ ഇരുവശങ്ങളിലുള്ള മാലിന്യങ്ങള്‍ വേര്‍തിരിച്ച് അജൈവമാലിന്യങ്ങളെ ചാക്കുകളിലാക്കി മാറ്റുകയും ജൈവമാലിന്യങ്ങളെ ഏയ്‌റോബിന്നുകളിലേക്ക് മാറ്റുകയുമുണ്ടായി. തരം തിരിക്കാന്‍ കഴിയാത്ത അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

 

നഗരത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നും വരും ദിവസങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മേയര്‍ അറിയിച്ചു.സര്‍ക്കാരിന്റെയും മേയറുടെയും ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെയും നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ- സംസ്ഥാന പാതയോരങ്ങളുടെ ശുചീകരണം സംഘടിപ്പിച്ചത്. ഉദ്ഘാടന വേളയില്‍ തന്നെ നഗരത്തിലെ മറ്റ് സ്റ്റേറ്റ് ഹൈവേകളും, നാഷണല്‍ ഹൈവേകളും വരുന്ന ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകളില്‍ ശുചീകരണം ആരംഭിച്ചു.മേയര്‍ കെ. ശ്രീകുമാര്‍,ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി. ബിനു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എന്‍എസ്. എസ് വോളന്റിയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ക്ലബുകളിലെ അംഗങ്ങള്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍,നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.