Saturday 04 April 2020




പാതയോരങ്ങളില്‍ പുതിയ തട്ടുകടകള്‍ അനുവദിക്കില്ല: മേയര്‍

By online desk.20 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: നഗര പാതയോരങ്ങളില്‍ പുതിയ തട്ടുകടകള്‍ അനുവദിക്കില്ലെന്ന് മേയര്‍ കെ.ശ്രീകുമാര്‍. തട്ടുകടകള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന സാഹചര്യമാണ് ഉളളത്. ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന തട്ടുകടകളുമുണ്ട്. എന്നാല്‍, ഇതിന്റെ യാഥാര്‍ത്ഥ ഉടമയെ കുറിച്ച് ഒരു വിവരവുമില്ല. തട്ടുകടകളിലെ ഇടനിലക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു. ജൈവ-അജൈവ മാലിന്യശേഖരണത്തിന് ഒരു പുതിയ പദ്ധതികൂടി നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 100 രൂപയുടെ പദ്ധതിയും കിച്ചണ്‍ ബിന്‍ വച്ച് ജൈവമാലിന്യ പരിപാലനം നടത്തുന്നതിനും അജൈവമാലിന്യ ശേഖരണത്തിനും കൂടി 200 രൂപയുടെ പദ്ധതിയുമാണുള്ളത്.മാലിന്യം ശേഖരിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ സംസ്ഥാന സമിതി നിശ്ചയിച്ച 800 രൂപ നിരക്കില്‍ മാലിന്യം ശേഖരിക്കാനുള്ള പദ്ധതികൂടി നടപ്പാക്കുമെന്ന് മേയര്‍ പറഞ്ഞു.

 

തീരദേശ മേഖലകള്‍, സാമ്പത്തിക പിന്നാക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ചുള്ള സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കും. പുതുതായി തുടങ്ങുന്ന പദ്ധതിപ്രകാരം മാലിന്യം സംസ്‌കരിക്കാനും ശേഖരിക്കാനും കഴിവുള്ള സംരംഭകരില്‍നിന്ന് താത്പര്യപത്രം ക്ഷണിക്കും. ഇവര്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ ജൈവമാലിന്യം സംസ്‌കരിക്കുകയോ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന സംരംഭകര്‍ക്കു കൈമാറുകയോ ചെയ്യാം.സാനിറ്ററി നാപ്കിനുകള്‍, ഡയപ്പറുകള്‍ എന്നിവയ്ക്കായി ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കും.